ആലപ്പുഴ:സി.ഐ.ടി.യു 14-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനവും പ്രകടനങ്ങളും ആലപ്പുഴ നഗരത്തെ ചുവപ്പണയിച്ചു. 21 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആലപ്പുഴയിൽ നടന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളനം അവിസ്മരണീയമാക്കും വിധമായിരുന്നു സമാപന സമ്മേളനം.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വനിതകളടക്കമുള്ള ആയിരക്കണക്കിന് പ്രവർത്തകർ ആലപ്പുഴ കടപ്പുറത്തേക്ക് ചെറുപ്രകടനങ്ങളായി ഉച്ചമുതൽ നീങ്ങി.ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചുള്ള റാലിയാണ് ആദ്യം നിശ്ചയിച്ചിരുന്നത്.എന്നാൽ ഗതാഗതക്കുറുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി സംയുക്ത റാലി ഒഴിവാക്കുകയായിരുന്നു.
എന്നിട്ടും ജില്ലയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും പ്രവർത്തകർ ഉച്ചയോടുകൂടി വാഹനങ്ങളിൽ എത്തിക്കൊണ്ടിരുന്നു.നഗരത്തിന്റെ പല കേന്ദ്രങ്ങളിലായി ഒത്തുകൂടിയ ശേഷമാണ് കടപ്പുറത്തേക്ക് നീങ്ങിയത്. വൈകിട്ട് നാലുമണിയായപ്പോഴേക്കും കടപ്പുറം ഒരു മനുഷ്യക്കടൽ പോലെയായി.വിശാലമായ ബീച്ചിൽ ചെങ്കൊടികളും തോരണവും നിരന്നപ്പോഴുള്ള കാഴ്ച ഏറെ ആകർഷകമായി.വൈകിട്ട് അഞ്ചു മണിയോടെ സമ്മേളനത്തിന്റെ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. കാതടപ്പിക്കുന്ന ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ മുഖ്യമന്ത്രിയെ എതിരേറ്റത്.തുടർന്ന് സമ്മേളന നടപടികൾ തുടങ്ങിയപ്പോഴും ചെറുചെറു പ്രകടനങ്ങൾ കടപ്പുറത്തേക്ക് എത്തിക്കൊണ്ടിരുന്നു.