കായംകുളം: വിനോദയാത്രാ സംഘത്തിലെ മൂന്നുപേർ വയനാട്ടിൽ മുങ്ങിമരിച്ച വാർത്ത ആറാട്ടുപുഴയെന്ന തീരദേശഗ്രാമത്തെ നടുക്കി. അടുത്ത സൃഹൃത്തുക്കളും അയൽവാസികളുമായ മൂന്നുപേരാണ് ദുരന്തത്തിന് ഇരയായത്. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻമണ്ണേൽ ധനേശന്റെ മകൻ നിധിൻ (24), പെരുമ്പള്ളി പീക്കാട്ടിൽ കാർത്തികേയന്റെ മകൻ ജിതിൻ (23), രാമഞ്ചേരി പുത്തൻമണ്ണേൽ ബിനുവിന്റെ മകൻ ബിജിലാൽ (20) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് വാടകയ്ക്കെടുത്ത കാറിലാണ് ഇവർ ഉൾപ്പെട്ട ആറ് അംഗ സംഘം വയനാട്ടിലേയ്ക്ക് പോയത്.
സർവേയർ പരീക്ഷ പാസായ നിധിന് ഗൾഫിലേയ്ക്ക് പോകാനുള്ള ഇന്റർവ്യൂ ത്യശൂരിലുണ്ടെന്ന് കളവ് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇവർ ഇറങ്ങിയത്. എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ എത്തിയത് ദുരന്ത വാർത്തയായിരുന്നു.
നിധിന്റെ മാതാവ് സുശീല.സഹോദരൻ: മലപ്പുറത്ത് സർവേയർ ആയ ബിപിൻ. നിധിന്റെ തൊട്ടയൽവാസിയും ബന്ധുവുമാണ് ജിതിൻ. ജിതിന്റെ മാതാവ് :ജയ.സഹോദരൻ: സൈനികനായ അജു. ഇരുവരുടെയും പിതാക്കന്മാർ മത്സ്യത്തൊഴിലാളികളാണ്. മേസ്തരിപ്പണിക്കാരനായ ബിജിലാലിന്റെ പിതാവ് ബിനു. മാതാവ്:സുമ.സഹോദരൻ:ശ്രീലാൽ.
ഇവർ സ്ഥിരമായി വിനോദയാത്രകൾക്ക് പോകാറുണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു. വയനാട്ടിലേക്കുള്ള യാത്രാ വിവരങ്ങളും ഫോട്ടോകളും വാട്ട്സ് ആപ്പിലും ഫേസ്ബുക്കിലുമായി ഇവർ പങ്കുവെച്ചിരുന്നു.