മാവേലിക്കര- വിദ്യാരംഗം കലാസാഹിത്യവേദി ആലപ്പുഴ റവന്യൂ ജില്ല 8ാമത് സർഗോത്സവം നാളെ മുറ്റം സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. റവന്യൂ ജില്ലയിലെ 11 സബ് ജില്ലകളിലെ സർഗോത്സവത്തിൽ നിന്നും തിരഞ്ഞെടുത്ത യു.പി, എച്ച്.എസ് വിഭാഗങ്ങളിലായുള്ള 308 വിദ്യാർത്ഥികളാണ് 7 ഇനങ്ങളിൽ പങ്കെടുക്കുന്നത്. തിരെഞ്ഞെടുക്കുന്ന 21 കുട്ടികൾക്ക് 27 മുതൽ പാലക്കാട് നടക്കുന്ന സംസ്ഥാന സർഗോത്സവത്തിൽ പങ്കെടുക്കാം.
നാളെ രാവിലെ 9.30ന് ആർ.രാജേഷ് എം.എൽ.എ സർഗോത്സവം ഉദ്ഘാടനം ചെയ്യും. മാവേലിക്കര മുൻസിപ്പൽ ചെയർപേഴ്സൺ ലീലാ അഭിലാഷ് അദ്ധ്യക്ഷയാവും. തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര സാഹിത്യപ്രഭാഷണം നടത്തും. ടെലിവിഷൻ താരം അമ്പൂരി ജയൻ മുഖ്യാതിഥിയായി പങ്കെടുക്കും. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഫാ.മാത്യു വി.തോമസ് അനുഗ്രഹ പ്രഭാഷണം നടത്തും. ഡി.ഡി.ഇ ധന്യ ആർ.കുമാർ മുഖ്യ പ്രഭാഷണം നടത്തും. മാവേലിക്കര മുൻസിപ്പൽ കൗൺസിലർ ആർ.രാജേഷ്, ഡി.ഇ.ഒ എസ്.സുജാത, എ.ഇ.ഒ രമണിക്കുട്ടി തുടങ്ങിയവർ സംസാരിക്കും. വിദ്യാരംഗം ജില്ലാ കോ ഓഡിനേറ്റർ ബി.ബാലചന്ദ്രൻ സ്വാഗതവും സബ് ജില്ലാ കോഓഡിനേറ്റർ മണിക്കുട്ടൻ നന്ദിയും പറയും.
സർഗോത്സവം 11ന് ആരംഭിക്കും. പ്രവീൺ ഇറവങ്കര, അമ്പൂതി ജയൻ, കേരളാ കാർട്ടൂൺ അക്കാഡമിസ് ചെയർമാൻ കാർത്തിക കറ്റാനം, കഥാകൃത്ത് മധു തൃപ്പെരുന്തുറ, യുവകവികളായ കുമാരമംഗലം ശ്രീകുമാർ, രാജീവ് പുരുഷോത്തമൻ, നാടൻപാട്ട് കലാകാരൻ കറ്റാനം ഓമനക്കുട്ടൻ തുടങ്ങിയവർ സർഗോത്സവത്തിന് നേതൃത്വം നൽകും.