മാവേലിക്കര- മഹാഭാരതം തത്വസമീക്ഷ അന്താരാഷ്ട്ര സാംസ്കാരികോത്സവത്തോടനുബന്ധിച്ച് ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ എക്സിബിഷന് തുടക്കമായി. വി.എസ്.ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനുവരി 10 വരെയാണ് പ്രദർശനം. പുരാവസ്തു പ്രദർശനം, പുഷ്പ ഫല പ്രദർശനം, പുസ്തക പ്രദർശനം, വസ്ത്രമേള, ഫുഡ് കോർണർ, ചരിത്ര ഗുഹ, അത്ഭുത പാവ, എന്റർടൈമെന്റ് പാർക്ക്, ശിലാ മ്യൂസിയം എന്നിവയാണ് എക്സിബിഷന്റെ പ്രധാന ആകർഷണം.
മാവേലിക്കര- ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിൽ മഹാഭാരതം തത്വസമീക്ഷ അന്താരാഷ്ട്ര സാംസ്കാരികോത്സവം പത്തൊൻപതാം ദിവസം നടന്ന സാംസ്കാരിക സമ്മേളനം വി.എസ്.ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.രാജു അദ്ധ്യക്ഷനായി. കവിയും സാഹിത്യകാരനുമായ എസ്.പി.നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. ജിനേഷ് ബാലകൃഷ്ണപിള്ള, എസ്.വിജയഘോഷ് എന്നിവർ സംസാരിച്ചു.
ചെട്ടികുളങ്ങരയിൽ ഇന്ന്
രാവിലെ 5ന് കലശപൂജ, 5.30ന് ഗണപതിഹോമം, കോടി അർച്ചന ആരംഭം. 6.30ന് ദ്രോണന്റെ സൈന്യാധിപത്യം മുതൽ ജയദ്രഥന്റെ വധം വരെ മഹാഭാരതം പാരായണം, 7.30ന് ശ്രീസൂക്ത ഹോമം. 11.30ന് കലശം എഴുന്നള്ളത് തുടർന്ന് കലശാഭിഷേകം. 11.30നും വൈകിട്ട് 4നും യജ്ഞാചാര്യന്റെ പ്രഭാഷണം. വൈകിട്ട് 5.30ന് ആരംഭിക്കുന്ന സാംസ്‌കാരിക സദസിന്റെ ഉദ്ഘാടനം കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ നിർവ്വഹിക്കും. മഹാഭാരതം ഭഗവത് ഗീതയുടെ കഥാമയ നിർമ്മിതി എന്ന വിഷയത്തിൽ ഡോ.പൂജപ്പുര കൃഷ്ണൻ നായർ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് 7.30ന് നടക്കുന്ന കലാസന്ധ്യയിൽ എൽ.സുബ്രഹ്മണ്യത്തിന്റെ വയലിൻ സോളോ. വി.വി.രമണ മൂർത്തി മ്യദംഗവും തൃപ്പൂണിത്തറ രാധാകൃഷ്ണൻ ഘടവും അവതരിപ്പിക്കും.