ആലപ്പുഴ:ദേശീയ പാത 66ൽ അരൂർ പളളിമുതൽ ചേർത്തല എക്സ്റെ ജംഗ്ഷൻ വരെയുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 23.665 കിലോമീറ്റർ നീളത്തിലെ പുനരുദ്ധാരണ പ്രവൃത്തികളാണ് ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയുള്ള നിർമ്മാണത്തിലൂടെ ശ്രദ്ധപിടിച്ചുപറ്റുന്നത്.
കോൾഡ് മില്ലിംഗ് ആൻഡ് റീ സൈക്ലിംഗ് ഇൻ ഹോട്ട് മിക്സ് പ്ലാന്റ് രീതിയിലാണ് റോഡ് പുനർനിർമ്മാണം. ജർമൻ നിർമ്മിത യന്ത്റങ്ങളാണ് ഉപയോഗിക്കുന്നത്. 36.07 കോടി രൂപയാണ് ഈ പ്രവൃത്തിയുടെ അടങ്കൽ തുക. നിലവിലുള്ള ദേശീയ പാതയുടെ ഉപരിതലം അത്യാധുനിക മെഷീൻ ഉപയോഗിച്ച് അടർത്തിയെടുത്ത് അതിന്റെ 30 ശതമാനം പുതിയ റോഡ് നിർമാണ സാമഗ്രികളുമായി ചേർത്ത് വീണ്ടും നിർമ്മാണത്തിനുപയോഗിക്കും. തുടർന്ന് അഞ്ച് സെന്റീമീറ്റർ കനത്തിൽ ബിറ്റുമിനസ് മെക്കാഡവും അതിന് മുകളിൽ ബിറ്റുമിനസ് കോൺക്രീറ്റും ഇട്ട് ഉപരിതലം ഉറപ്പിക്കും. ഇത്തരത്തിൽ നിർമിക്കുന്ന റോഡിന് ഉറപ്പുകൂടുതലാണ്. പരിസ്ഥിതി സൗഹൃദവുമാണ്.
റോഡ് അടർത്തിമാറ്റിയെടുക്കുന്ന മെറ്റലിലെ ശേഷിക്കുന്ന 70 ശതമാനം റോഡിന്റെ ഇരുവശങ്ങളിലും നിരത്തും.