ഹരിപ്പാട്: പുറകോട്ടെടുത്ത ടാങ്കർ ലോറിയുടെ പിന്നിൽ മിനി ഇൻസുലേറ്റഡ് വാൻ ഇടിച്ച് വാൻ ഡ്രൈവർ മരിച്ചു. എറണാകുളം വരാപ്പുഴ നോർത്ത് പരവൂർ വലിയ പറമ്പിൽ ജോബിയാണ് (32) മരിച്ചത്. ദേശീയപാതയിൽ കരുവാറ്റ കന്നുകാലി പാലത്തിന് സമീപം ഇന്നലെ പുലർച്ചെ 4.30നായിരുന്നു അപകടം. പമ്പിലുണ്ടായിരുന്ന ടാങ്കർ ലോറി പുറകോട്ടെടുത്ത് ദേശീയ പാതയിലേക്ക് കടക്കുന്ന സമയം ഏറണാകുളത്തേക്ക് പോകുകയായിരുന്ന വാനുമായി ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എറണാകുളത്തുള്ള എസ്.കെ ട്രാവൽസ് കമ്പനി വക കൊറിയർ സാധനങ്ങൾ കയറ്റിയ വാൻ തിരുവനന്തപുരത്ത് സാധനമിറക്കി തിരികെ വരുമ്പോഴാണ് അപകടം. പരിക്കേറ്റ ജോബിയെ ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും വഴി മദ്ധ്യേ മരിച്ചു. ഭാര്യ: ലിംന, ഏകമകൾ: ജുവൽ. സംസ്കാരം ഇന്ന് രാവിലെ 10ന് വരാപ്പുഴ കൃസ്തുരാജ്‌ പള്ളി സെമിത്തേരിയിൽ.