കായംകുളം:പൊതുവിദ്യാലയങ്ങളെ ഹൈടെക് ആക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി കായംകുളം ആലപ്പുഴ ജില്ലയിലെ സമ്പൂർണ ഹൈടെക് വിദ്യാലയ മണ്ഡലമായി മാറിയതായി യു. പ്രതിഭ എം.എൽ.എ പറഞ്ഞു.

21ന് ഉച്ചയ്ക്ക് 2.30ന് കായംകുളം നഗരസഭാ ചെയർമാൻ അഡ്വ. എൻ. ശിവദാസന്റെ അദ്ധ്യക്ഷതയിൽ കായംകുളം കാദീശാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ യു. പ്രതിഭ എം.എൽ.എ കായംകുളത്തെ സമ്പൂർണ ഹൈടെക് വിദ്യാലയ മണ്ഡലമായി പ്രഖ്യാപിക്കും. ജില്ലാ കളക്ടർ അഞ്ജന മുഖ്യാതിഥിയാകും.

ലോവർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിൽ 124 വിദ്യാലയങ്ങളിലാണ് ഹൈടെക് സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. 730 ലാപ്‌ടോപ്പുകൾ 417 പ്രോജക്ടറുകൾ 598 സ്പീക്കറുകൾ, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ 29 ടെലിവിഷനുകൾ, 35 എച്ച്.ഡി വെബ്‌സൈറ്റ് കാമറകൾ, 35 മൾട്ടി ഫംഗ്ഷൻ കാമറകൾ, നെറ്റ് വർക്കിംഗ് സംവിധാനങ്ങൾ, ബ്രോഡ്ബാന്റ്/ഫിത്ത് ഇൻറർനെറ്റ് എന്നീ സംവിധാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. കൂടാതെ എം.എൽ.എയുടെ പ്രത്യേക വികസനനിധിയിൽനിന്നും 50 ലക്ഷം രൂപ വിനിയോഗിച്ച് 120 ഓളം കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വിവിധ വിദ്യാലയങ്ങൾക്കായി അനുവദിച്ചിട്ടുണ്ട്.

.