മൂന്ന് തവണ എം.എൽ.എയും ചുരുങ്ങിയകാലം മന്ത്രിയുമായിരുന്നെങ്കിലും ഒട്ടും കൗശലക്കാരനല്ലാത്ത രാഷ്ട്രീയക്കാരനായിരുന്നു തോമസ് ചാണ്ടി. രാഷ്ട്രീയത്തിലെ അടവുനയങ്ങൾ അദ്ദേഹത്തിന് അത്ര വഴങ്ങിയിരുന്നില്ല. അദ്ദേഹത്തിന് നന്നായി ഇണങ്ങിയിരുന്നത് ബിസിനസുകാരന്റെ വേഷവും.
കായൽ ടൂറിസത്തിന് അത്ര വലിയ സാദ്ധ്യതയൊന്നും കല്പിക്കാത്ത കാലത്ത് , ആലപ്പുഴ പോലൊരു പിന്നാക്ക ജില്ലയിൽ റിസോർട്ടിന് വേണ്ടി കോടികൾ മുടക്കാൻ ചാണ്ടി ധൈര്യം കാട്ടിയതും ഈ ഇണക്കം കാരണം. കായലോരത്തുള്ള സ്ഥലത്ത് അദ്ദേഹം തീർത്ത റിസോർട്ട് കോംപ്ളക്സിന് 'ലേക്ക് പാലസ് ' എന്ന് പേരിട്ടത് കായലിനോടും വെള്ളത്തോടുമുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ഇഷ്ടം കാരണമാണ്. പിൽക്കാലത്ത് ചാണ്ടിയുടെ ജീവിതത്തിൽ ചെറിയൊരു പാട് വീഴ്ത്തിയതും ബിസിനസിലെ വിപുലപ്പെടുത്തൽ മോഹമാണ്.
ചെറുപ്പം മുതൽ കോൺഗ്രസ് അനുഭാവിയായിരുന്ന തോമസ് ചാണ്ടി മുൻ എം.എൽ.എ ഡി. സുഗതനടക്കമുള്ളവർക്കൊപ്പം 70 കളിൽ യൂത്ത് കോൺഗ്രസിൽ സജീവമായിരുന്നു. കുട്ടനാട്ടിൽ നിയോജകമണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാലത്താണ് അദ്ദേഹത്തിന്റെ കുവൈറ്റ് യാത്ര. അവിടെ പലവിധ ബിസിനസുകളിൽ വ്യാപൃതനായി. ഗൾഫ് യുദ്ധത്തിന്റെ കാലംകഴിഞ്ഞ് എടുത്താൽ പൊങ്ങാത്തത്ര സമ്പത്തുമായിട്ടായിരുന്നു മടക്കം. തുടർന്നാണ് റിസോർട്ടിലേക്കും ടൂറിസം മേഖലയിലേക്കുമെത്തുന്നത്. ഇതേ കാലഘട്ടത്തിലാണ് കോൺഗ്രസിന്റെ നെടുംതൂണായിരുന്ന ലീഡർ കെ.കരുണാകരനുമായി അടുപ്പത്തിലായത്. പലപ്പോഴും കെ.പി.സി.സിക്ക് സാമ്പത്തിക പ്രയാസമുണ്ടാവുമ്പോൾ കൈത്താങ്ങാവുന്നതും ചാണ്ടിയായിരുന്നു. ഇതിനിടെ അദ്ദേഹം തുടങ്ങിയ ദാവീദ് പുത്ര ചാരിറ്റബിൾ ട്രസ്റ്റ് എന്ന ജീവകാരുണ്യ പ്രസ്ഥാനം സാധുക്കളായ നിരവധി കുട്ടനാട്ടുകാർക്ക് തുണയായിട്ടുണ്ട്. ജീവിതത്തിലെ ദുരിതഘട്ടത്തിൽ ചാണ്ടിയുടെ വീട്ടുമുറ്റത്തേക്കു ചെല്ലുന്ന ആർക്കും നിരാശരായി മടങ്ങേണ്ടിവന്നിരുന്നില്ല. കുട്ടനാട് മണ്ഡലത്തിൽ മൂന്ന് തിരഞ്ഞെടുപ്പു വിജയങ്ങൾ നേടാൻ ഈ കൈപ്പുണ്യവും തുണയായിട്ടുണ്ട്. ആരെയും കൈയയച്ചു സഹായിക്കാൻ തെല്ലും മടികാട്ടിയില്ല.
കോൺഗ്രസിനോട് വിടപറഞ്ഞ് കെ.കരുണാകരന്റെ നേതൃത്വത്തിൽ ഡി.ഐ.സി രൂപം കൊണ്ടപ്പോൾ സംഘാടകരിൽ മുമ്പനായി ചാണ്ടിയുമുണ്ടായിരുന്നു. തൃശ്ശൂരിൽ ഡി.ഐ.സിയുടെ പകിട്ടാർന്ന സമ്മേളനം നടന്നപ്പോൾ അതിന്റെ അമരക്കാരിൽ പ്രമുഖനും മറ്റാരുമായിരുന്നില്ല. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.ഐ.സി 18 സ്ഥാനാർത്ഥികളെയാണ് മത്സരിപ്പിച്ചത്.അതിൽ ജയിച്ചത് കുട്ടനാട്ടിൽ മത്സരിച്ച തോമസ് ചാണ്ടി മാത്രം.കുട്ടനാട് മണ്ഡലത്തിൽ വിജയം തുടർക്കഥയാക്കി മാറ്രിയിരുന്ന കേരള കോൺഗ്രസ് (ജോസഫ് ) വിഭാഗം നേതാവ് ഡോ.കെ.സി.ജോസഫിനെയാണ് 5381 വോട്ടുകൾക്ക് അന്ന് പരാജയപ്പെടുത്തിയത്.കുട്ടനാട്ടിലെ ജനങ്ങൾ ഏറ്റവുമധികം ബുദ്ധിമുട്ടയിരുന്ന കുടിവെള്ള പ്രശ്നത്തിൽ സ്വന്തംനിലയ്ക്കു തന്നെ കൈക്കൊണ്ട ചില നടപടികൾ എം.എൽ.എ യെ ഏറെ ജനപ്രിയനാക്കി. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പു വന്നപ്പോഴേക്കും രാഷ്ട്രീയ കാലാവസ്ഥ ഏറെ മാറിയിരുന്നു. എൻ.സി.പിയുടെ പ്രതിനിധിയായിട്ടാണ് അക്കുറി ചാണ്ടി മത്സരത്തിനിറങ്ങിയത്. എതിരാളി വീണ്ടും കെ.സി.ജോസഫ്. ചാണ്ടിയുടെ ഭൂരിപക്ഷം അന്ന് 7971 വോട്ടുകളായി ഉയർന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ.സി.പി പ്രതിനിധിയായി ഇടതുപക്ഷ പിന്തുണയോടെ വീണ്ടും മത്സരിച്ചപ്പോൾ മന്ത്രിപദത്തിലേക്ക് എത്തുമെന്ന സൂചന രാഷ്ട്രീയ വൃത്തങ്ങളിലുണ്ടായിരുന്നു. എന്നാൽ ആദ്യം അത് നടന്നില്ലെങ്കിലും വൈകാതെ മന്ത്രി കസേരയിലെത്തി. പക്ഷേ മാസങ്ങൾക്കുള്ളിൽ ആ ചുമതല ഒഴിയേണ്ടിവന്നത് അദ്ദേഹത്തെ വല്ലാതെ ഉലച്ചു.
രാഷ്ട്രീയ രംഗത്ത് കൂട്ടുകെട്ടുകൾ മാറിമറിഞ്ഞപ്പോഴും എല്ലാവരുമായും ഊഷ്മളമായ ബന്ധം സൂക്ഷിക്കാൻ ചാണ്ടിക്ക് കഴിഞ്ഞു. ലേക്ക് റിസോർട്ടിൽ ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിക്കാത്ത രാഷ്ട്രീയ നേതാക്കൾ ചുരുക്കും. ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നെ മറക്കാനാവാത്തതാവും അദ്ദേഹവുമായുള്ള സൗഹൃദം. കുട്ടനാട്ടിൽ ജനിച്ചുവളർന്നതിനാലാവും കായലിനോടും വള്ളംകളിയോടും അടങ്ങാത്ത അഭിനിവേശമായിരുന്നു അദ്ദേഹത്തിന്. നെഹ്രുട്രോഫി മത്സര ദിവസം സ്പീഡ്ബോട്ടിൽ ഒഫിഷ്യൽ പദവിയുമായി ചീറിപായുന്ന ചാണ്ടി ഒരു കാലം വരെ സ്ഥിരം കാഴ്ചയായിരുന്നു. അന്തരിച്ച മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയും പത്നി സോണിയയും 1985 ലെ ഓണക്കാലത്ത് കുട്ടനാട് സന്ദർശനത്തിന് ആലപ്പുഴയിലെത്തി. അന്ന് പൊലീസിന്റെ സ്പെഷൽ ബോട്ടിലായിരുന്നു അവരുടെ കുട്ടനാട് യാത്ര. ഏറെക്കാലം കഴിഞ്ഞ് പൊലീസ് വകുപ്പ് ആ ബോട്ട് ഒഴിവാക്കിയപ്പോൾ തോമസ് ചാണ്ടി അത് വാങ്ങി. നല്ല രീതിയിൽ മോടിപിടിപ്പിച്ച ബോട്ടിന് 'രാജീവ് ജി" എന്നു പേരുമിട്ടു. കുട്ടനാട്ടിലെത്തിയാൽ പലപ്പോഴും ഈ ബോട്ടിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ഇപ്പോഴും കുട്ടനാട്ടിലെ കുടുംബവീടിന് സമീപത്ത് പ്രത്യേക ഷെഡ്ഡിൽ നല്ല പകിട്ടോടെ ആ ബോട്ട് വിശ്രമിക്കുന്നുണ്ട്.