അമ്പലപ്പുഴ : തെരുവോരങ്ങളിൽ അന്തിയുറങ്ങി മക്കളെ വളർത്തിയ തിലകയ്ക്ക് ഇനി സ്വന്തം വീട്ടിൽ തലചായ്ക്കാം. തമിഴ്നാട്ടിൽ നിന്ന് ഉപജീവനത്തിനായി പുന്നപ്രയിലെത്തിയ തിലകയും കുടുംബവും ഇവിടുത്തുകാരായി മാറുകയായിരുന്നു. തെരുവോരങ്ങളിൽ അന്തിയുറങ്ങി, ആക്രിപെറുക്കി വിറ്റും മറ്റുമാണ് ഇവർ ജീവിച്ചത്. ഭർത്താവ് മാരിയപ്പൻ ഒന്നരവർഷം മുമ്പ് വൃക്ക രോഗബാധയെ തുടർന്ന് മരിച്ചതോടെ തിലകയുടെയും മക്കളുടെയും ജീവിതം എറെ ദുരിതപൂർണമായി.
ഭർത്താവിന്റെ മരണശേഷവും മക്കളായായ മസാണി (19) അനു (17) അനിത (15) മാധവൻ (12 ) എന്നിവർക്കൊപ്പം കടത്തിണ്ണയിലാണ് തിലക കഴിഞ്ഞിരുന്നത്. ഇവരുടെ ദയനീയാവസ്ഥ കണ്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് അംഗം എസ്.ഹാരിസ് ചെയർമനായും, തെരുവിലെ മക്കൾ ചാരിറ്റി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി കൺവീനറും ആയി ഒരു ജനകീയ കമ്മിറ്റി രൂപികരിച്ചു നടത്തിയ പ്രവർത്തനഫലമായാണ് വീടൊരുങ്ങിയത് .സാമൂഹിക പ്രവർത്തക നെർഗിസ് ബീഗത്തിന്റെയും മറ്റ്ചില കാരുണ്യമതികളുടെയും സഹായം കൊണ്ട് 3 സെന്റ്സ്ഥലം വാങ്ങി. ഇവർക്ക് വീട് നിർമ്മിച്ച് നൽകാമെന്ന് അറിയിച്ച് ജോയ് ആലുക്കാസ് ഗ്രൂപ്പ് രംഗത്തെത്തി. 2 മുറിയും അടുക്കളയും ഹാളും സിറ്റ് ഔട്ട് ബാത്ത് റൂമും അടങ്ങുന്ന 500 ചതുരശ്ര അടി വലുപ്പത്തിലുള്ള വിടാണ് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ വടക്കേ ചെട്ടിപ്പാടത്തിന് സമീപം നിർമ്മിച്ചത്. റിനോ പി ബാബുവാണ് നിർമ്മാണ കരാർ ഏറ്റെടുത്തത്. നാളെ ഉച്ചക്ക് 12 ന് മന്ത്രി പി .തിലോത്തമൻ താക്കോൽ ദാനം നിർവഹിക്കും.