ആലപ്പുഴ: കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട്, ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ടി.വി.അനുപമ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടാണ് അപ്രതീക്ഷിതമായി തോമസ് ചാണ്ടിയുടെ മന്ത്രി കസേര തെറിപ്പിച്ചത്.2017 ഏപ്രിൽ ഒന്നിന് ഗതാഗത മന്ത്രിയായി അധികാരമേറ്റ തോമസ് ചാണ്ടി നവംബർ 15 ന് മന്ത്രി സ്ഥാനം രാജി വച്ചു.

തോമസ് ചാണ്ടി കുട്ടനാട്ടിൽ നടത്തിയ ഭൂമിയിടപാടുകൾ ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെൽവയൽ നിയമവും ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയ കളക്ടർ 5 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം അദ്ദേഹം ചെയ്തതായും കണ്ടെത്തി. മാർത്താണ്ഡം കായലിലെ ഭൂമി കൈയേറ്റവും ലേക് പാലസ് റിസോർട്ടിനു മുന്നിലെ നിലംനികത്തലും സ്ഥിരീകരിച്ച റിപ്പോർട്ട്, ചാണ്ടി ഡയറക്ടറായ വാട്ടർ വേൾഡ് ടൂറിസം കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണമെന്നും ശുപാർശ ചെയ്തു.

ഗുരുതര ആരോപണങ്ങളുള്ള കളക്ടറുടെ റിപ്പോർട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണു തോമസ് ചാണ്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി നിലനിൽക്കുമോയെന്നു സംശയം പ്രകടിപ്പിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മന്ത്രിയിലും മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിതെന്നു ചൂണ്ടിക്കാട്ടി. ചാണ്ടിയുടെ ഹർജി മന്ത്രിസഭയ്ക്ക് എതിരല്ലെന്ന് ആദ്യം നിലപാടെടുത്ത സ്റ്റേറ്റ് അറ്റോർണി കെ.വി. സോഹൻ, മന്ത്രിയുടെ ഹർജി അപക്വമെന്നു നിലപാടു മാറ്റി. ഇതു ഫലത്തിൽ സർക്കാർതന്നെ മന്ത്രിയെ തള്ളുന്നതായി. ഹൈക്കോടതിയുടെ പരാമർശങ്ങളിൽ ചർച്ച വേണ്ടെന്നും മന്ത്രിയെ പൂർണമായും പിന്തുണയ്ക്കുന്നെന്നുമായിരുന്നു എൻ.സി.പിയുടെ ആദ്യ നിലപാട്.

എന്നാൽ സമ്മർദ്ദം താങ്ങാനാകാതെ പാർട്ടിയും പിന്നീടു കൈവിട്ടതോടെ രാജി മാത്രമായിരുന്നു ചാണ്ടിക്കു മുന്നിലുള്ള ഏകവഴി. 2018 മാർച്ച് 2 ന് ഭൂമി കൈയേറ്റ വിഷയത്തിൽ ലേക് പാലസ് റിസോർട്ടിനെതിരെ കളക്ടർ നൽകിയ നോട്ടീസുകൾ ഹൈക്കോടതി റദ്ദാക്കി. തുടർന്ന് 2019 ജൂൺ 26 ന് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിലെ അനധികൃത കെട്ടിടങ്ങൾക്ക് ആലപ്പുഴ നഗരസഭ ചുമത്തിയ പിഴ വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ നിർദ്ദേശത്തെ തുടർന്ന് 2.75 കോടിരൂപയിൽ നിന്ന് 35 ലക്ഷം രൂപയായി വെട്ടിക്കുറച്ചു. ഇതോടൊപ്പം വ്യവസ്ഥകൾക്ക് വിധേയമായി റിസോർട്ടിന്റെ ലൈസൻസ് പുതുക്കി നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും നഗരസഭയോട് നിർദ്ദേശിച്ചിരുന്നു.

.........