ആലപ്പുഴ:ഒന്നുമില്ലായ്മിലും കുലുങ്ങിയില്ല, വരാനുള്ളത് നല്ലകാലമെന്ന് വിശ്വസിച്ചു. ആ ആത്മവിശ്വാസമായിരുന്നു തോമസ് ചാണ്ടിയുടെ വളർച്ചയുടെ ആണിക്കല്ല്. സ്കൂൾ വിദ്യാഭ്യാസ ശേഷം ടെലികമ്യൂണിക്കേഷനിൽ ഡിപ്ളോമയും നേടി നാട്ടിൽ യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനവുമായി നടക്കുമ്പോഴും കടലിനക്കരെയായിരുന്നു കണ്ണ്. അങ്ങനെ ഗൾഫിലേക്ക് പുറപ്പെട്ടു.
ഒരു അമേരിക്കൻ കമ്പനിയിൽ ആദ്യം കിട്ടിയ ജോലി അത്ര സുഖകരമായിരുന്നില്ല. കപ്പലിലെ ജോലിക്കിടെ തുടർച്ചയായി ശാരീരിക അസ്വസ്ഥതകൾ തുടങ്ങി. പിന്നീട് ടൊയോട്ട സണ്ണിയുമായുള്ള പരിചയം വഴിയാണ് മറ്റൊരു ജോലി തരപ്പെടുന്നത്. 1980 ൽ മറ്റു നാല് കൂട്ടുകാർക്കൊപ്പം സ്കൂൾ തുടങ്ങാൻ തീരുമാനിച്ചു. ഗൾഫ് നാടുകളിലെ മലയാളികൾ, മറ്റൊരു മലയാളി നടത്തുന്ന സ്കൂളിനെ സർവാത്മനാ സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും സംഭവിച്ചത് മറിച്ചാണ്. സ്കൂൾ നഷ്ടത്തിൽ കലാശിച്ചു. പിന്നീട് കൂട്ടുകാരെ ഒഴിവാക്കി സ്വന്തം നിലയിൽ സ്കൂൾ നടത്തി.കുവൈറ്റിൽ മൂന്ന് സ്കൂളുകളും സൗദിയിൽ ഒരു സ്കൂളും എന്ന നിലയിലേക്ക് ആ സംരംഭം വളർന്നു. ഇതിനിടെയാണ് കുവൈറ്റ് യുദ്ധം വരുന്നത്. കെട്ടിപ്പൊക്കിയ സ്കൂൾ സാമ്രാജ്യം നഷ്ടമായി. വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക്. അങ്ങനെ നാട്ടിലേക്ക് തിരികെ പോന്നു.
എന്നാൽ യുദ്ധം അവസാനിച്ചതോടെ വീണ്ടും കുവൈറ്റിലേക്കു മടങ്ങി. സ്കൂൾ നടത്തിപ്പിൽ സജീവമായി. അഞ്ച് സ്കൂളുകളുടെ ചെയർമാനായി. ഇക്കാലത്താണ് സൂപ്പർമാർക്കറ്റ്, റസ്റ്റോറന്റ് തുടങ്ങിയ ബിസിനസുകളിൽ സജീവമായത്. അതോടെ ബിസിനസ് രംഗത്ത് വച്ചടി കയറ്റമായി.കേരളത്തിലെ ടൂറിസം രംഗത്തിന്റെ സാദ്ധ്യതകൾ, പ്രത്യേകിച്ച് കുട്ടനാടൻ സൗന്ദര്യത്തിന്റെ സാദ്ധ്യതകളെക്കുറിച്ച് ബോധവാനായ ചാണ്ടി വാട്ടർ വേൾഡ് ടൂറിസം കമ്പനിക്ക് രൂപം നൽകി. വേമ്പനാട്ട് കായലിൽ പുന്നമട ഫിനിഷിംഗ് പോയിന്റിന് നേരെ എതിർവശത്ത് ലേക്ക് പാലസ് എന്ന റിസോർട്ട് കോംപ്ളക്സിന് തുടക്കമിടുമ്പോൾ പലരും നെറ്റിചുളിച്ചു- ഈ ആലപ്പുഴയിലേക്ക് അത്ര വലിയ ടൂറിസ്റ്റുകൾ വരുമോയെന്ന്. പക്ഷെ ചാണ്ടിയുടെ കാഴ്ചപ്പാടായിരുന്നു ശരി. പ്രതീക്ഷിച്ചതിലും വലിയ വിജയമായി വിസ്തൃതമായ ഫ്രണ്ടേജുള്ള റിസോർട്ട്.
കേരളത്തിലെയും ദേശീയതലത്തിലെയും നിരവധി നേതാക്കൾ ലേക്ക് പാലസിൽ വന്നുപോയി. ബോളിവുഡിലെ എണ്ണം പറഞ്ഞ പല താരങ്ങളും ഷൂട്ടിംഗ് ആവശ്യത്തിന് എത്തി ഇവിടെ തങ്ങിയിട്ടുണ്ട്. നിരവധി സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷനുമായി. ആലപ്പുഴയുടെ ടൂറിസം ഭൂപടത്തിലെ തിളക്കമുള്ള ഒരു സ്ഥാപനമായി ലേക്ക് പാലസ് പിന്നീട് മാറി.