ആലപ്പുഴ: പുരാതനമായ കല്ലേകടമ്പിൽ തറവാട്ടു ശാഖയായ ചേന്നങ്കരി വെട്ടിക്കാട്ട് കളത്തിൽ പറമ്പിൽ വി.സി.തോമസിന്റെയും ഏലിയാമ്മയുടെയും മകനായി 1947 ആഗസ്റ്റ് 29 ന് ജനിച്ച തോമസ് ചാണ്ടിക്ക്, ഗൾഫിലും കൊച്ചിയിലുമെല്ലാം വീടുകളുണ്ടായിരുന്നെങ്കിലും കുട്ടനാട്ടിലെ കുടുംബ വീടിനോടായിരുന്നു മമത. കേരളത്തിലെത്തിയാൽ എത്ര തിരക്കുണ്ടെങ്കിലും ചേന്നങ്കരിയിലെത്തി നാട്ടുകാരുടെ വിശേഷമറിയാതെ മടക്കമുണ്ടാവില്ല.
2006 -ൽ ആദ്യമായി എം.എൽ.എ ആയ ശേഷം അവധി ദിവസങ്ങളിൽ വിവിധ സഹായങ്ങൾക്കായി പുലർച്ചെ മുതലാണ് ആൾക്കാരെത്തിയിരുന്നത്. രണ്ടു തിരഞ്ഞെടുപ്പുകളിൽ നല്ല ഭൂരിപക്ഷത്തിൽ ജയിച്ച ചാണ്ടിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റുകിട്ടാൻ സാദ്ധ്യതയില്ലെന്ന് ചില രാഷ്ട്രീയ ജോത്സ്യന്മാർ പ്രവചിച്ചു. സി.പി.എം ജില്ലാ നേതൃത്വവും അങ്ങനെ ചിന്തിക്കുന്നതായി കേട്ടിരുന്നു. എന്നാൽ താൻ മത്സരിക്കുമെന്നും ജയിക്കുമെന്നും ജലവിഭവ മന്ത്രിയാകുമെന്നും പരസ്യമായി പ്രഖ്യാപിച്ചു ചാണ്ടി.
പിണറായി സർക്കാരിന്റെ ആദ്യ മന്ത്രിമാരുടെ പട്ടികയിൽ പക്ഷേ ചാണ്ടി ഉൾപ്പെട്ടില്ല. എന്നാൽ കാലം നിശ്ചയിച്ചത് തോമസ് ചാണ്ടിയുടെ വഴിക്കാണ്. പ്രത്യേക സാഹചര്യത്തിൽ എ.കെ.ശശീന്ദ്രൻ ഒഴിയേണ്ടി വന്നതോടെ ചാണ്ടിക്ക് മന്ത്രിക്കസേര തയ്യാറായി. സത്യപ്രതിജ്ഞ ചെയ്ത ശേഷം എം.എൽ.എ ഹോസ്റ്റലിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ അടുപ്പക്കാരൻ ഒരു വെളിപ്പെടുത്തൽ നടത്തി. 'തോമസ് ചാണ്ടി മന്ത്രിയാവുമെന്ന് നേരത്തെ ജ്യോതിഷവുമായി ബന്ധമുള്ള ഒരു വൈദികൻ പറഞ്ഞു".
നിലം നികത്തലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും പിന്നാലെ മന്ത്രി സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നതും ചാണ്ടിയെ വല്ലാതെ ഉലച്ചു. കൂടെ അസുഖത്തിന്റെ അസ്വസ്ഥതകളും. അതോടെ പൊതു രംഗത്ത് സജീവമല്ലാതായി. പ്രധാനപ്പെട്ട പരിപാടികളോ, പ്രധാന നേതാക്കളുടെ ചടങ്ങുകളോ ഉള്ളപ്പോൾ മാത്രമായി നാട്ടിൽ ചാണ്ടിയുടെ സാന്നിദ്ധ്യം. എങ്കിലും ചേന്നങ്കരിയിലെ വീട്ടിൽ സ്ഥിരതാമസമാവണമെന്ന ആഗ്രഹം അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു. പഴയ വീടിനോട് ചേർന്ന് പുതിയതിന്റെ നിർമാണം തുടങ്ങിയത് ഈ ആഗ്രഹത്തിന്റെ ഭാഗമായിരുന്നു. വീടിന്റെ പണി ഏറക്കുറെ പൂർത്തിയായെങ്കിലും അവിടെ തങ്ങാൻ അദ്ദേഹത്തെ കാലം അനുവദിച്ചില്ല.