ആലപ്പുഴ : രാഷ്ട്രീയത്തിൽ ഏറെക്കുറെ തിളങ്ങിയപ്പോഴാണ് കേരളക്കരയ്ക്ക് 'കുവൈറ്റ് ചാണ്ടി" തോമസ് ചാണ്ടിയായത്. കുവൈറ്റിൽപ്പോയി കോടീശ്വരനായപ്പോൾ നാട്ടുകാരിട്ട പേരാണ് കുവൈറ്റ് ചാണ്ടി.
തങ്ങളിൽ ഒരാളായ ,പ്രവാസിയെ അറിയുന്ന ഒരു മന്ത്രി എന്ന നിലയിൽ കുവൈറ്റ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു തോമസ് ചാണ്ടി. കുവൈറ്റിലെത്തുന്ന മലയാളികൾക്ക് ഒരു ധൈര്യമുണ്ടായിരുന്നു. ഇവിടെ എത്തിയിട്ട് ഒരു പ്രശ്‌നം വന്നാൽ അബ്ബാസിയ ഇസ്ബല്ലയിലെ ആ വീട്ടിലേക്ക് ഓടിയെത്തിയാൽ മതി. പക്ഷെ, ഇസ്ബല്ലയിലെ കുടുംബനാഥൻ തോമസ് ചാണ്ടി ഇനിയില്ലെന്നത് ഇപ്പോഴവർക്ക് വിശ്വസിക്കാനാകുന്നില്ല. കുവൈറ്റിലെത്തുന്ന പ്രവാസികളുടെ മക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വിദ്യാഭ്യാസമായിരുന്നു. അങ്ങനെയാണ് കുവൈറ്റിൽ പ്രവാസികളുടെ മക്കൾക്ക് പഠിക്കാൻ മികച്ചൊരു സ്‌കൂൾ സ്ഥാപിക്കാൻ അദ്ദേഹം തീരുമാനിച്ചത്. അദ്ദേഹം സ്ഥാപിച്ച കുവൈറ്റ് ഹസാവിയിലെ യുണൈറ്റഡ് ഇന്റർനാഷണൽ സ്‌കൂളും സാല്മിയയിലെ ഇന്ത്യൻ പബ്ലിക് സ്‌കൂളും സൗദിയിലെ സ്‌കൂളുമെല്ലാം പിന്നീട് പ്രവാസി വിദ്യാർത്ഥികളുടെ അഭിമാന സ്ഥാപനങ്ങളായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി ആളുകളാണ് തങ്ങളുടെ മക്കളെ സഹായിക്കണമെന്ന ആവശ്യവുമായി തോമസ് ചാണ്ടിയെ സമീപിച്ചത്. അവർക്കൊക്കെ സൗജന്യമായി വിദ്യാഭ്യാസം നൽകാനും അദ്ദേഹം തയാറായി.
രോഗം കലശലായതോടെ അവസാന കാലത്ത് ചികിത്സ വീട്ടിൽ തന്നെയായിരുന്നു. അതിനുള്ള സൗകര്യങ്ങൾ വീട്ടിൽത്തന്നെ ഒരുക്കി. കുട്ടനാട്ടിൽ കുടിവെള്ളം എത്തിക്കുന്നതിനായി നീരേറ്റുപുറത്ത് ഒന്നര ഏക്കർ സ്ഥലം സ്വന്തം പണം ചെലവഴിച്ച് വാങ്ങി സർക്കാരിന് കൈമാറിയെങ്കിലും പ്ളന്റ് കമ്മീഷൻ ചെയ്യാതെയാണ് തോമസ് ചാണ്ടിയുടെ മടക്കയാത്ര.