ചേർത്തല :പല തവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാത്ത ആറു പെറ്റി കേസ് പ്രതികളെ കോടതി റിമാൻഡ് ചെയ്തു.മാരാരിക്കുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് തകിടിവെളിയിൽ അരുൺ,9-ാം വാർഡ് കൊല്ലാമാടത്ത് സതീശൻ,കഞ്ഞിക്കുഴി 3-ാം വാർഡിൽ കിഴക്കേ ചെങ്ങളത്ത് റെജിമോൻ,ആറാം വാർഡിൽ സാന്ദീപനിയിൽ അഭിജിത്ത്ലാൽ,മാരാരിക്കുളം വടക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ പള്ളിപ്പറമ്പിൽ അമൽ,ആറാം വാർഡിൽ വടക്കേകുഞ്ഞം വീട് ബിനു എന്നിവരെയാണ് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.ഇതിൽ സതീശനും ബിനുവിനും രണ്ട് വീതം വാറണ്ടുകളും മറ്റുള്ളവർക്ക് ഒരു വാറണ്ടുമാണ് പുറപ്പെടുവിച്ചിരുന്നത്.പല തവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.തുടർന്ന് മാരാരിക്കുളം എസ്.ഐ.പി.ജി.മധുവിന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.പ്രതികളെ 14 ദിവസേത്തേയ്ക്ക് റിമാൻഡ് ചെയ്തു.സീനിയർസിവിൽ പൊലീസ് ഓഫീസർ ശ്യാംലാൽ,സിവിൽ പൊലീസ് ഓഫീസർമാരായ വിനീഷ്,യേശുദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.