തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രിയുടെ പ്രധാന കവാടത്തിനരികിലെ കാനയുടെ മുകളിൽ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് പൈപ്പിൽ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ കാല് കുടുങ്ങി.കുത്തിയതോട് പഞ്ചായത്ത് പതിമൂന്നാം വാർഡിൽ മഠത്തിൽ സിബിക്കുട്ടന്റെ മകൾ നിത (16) ആണ് അപകടത്തിൽ പ്പെട്ടത്. രാവിലെ അമ്മ ജിഷയുമൊത്ത് ദേശീയപാതയിൽ നിന്ന്ആശുപത്രിയിലേക്ക് കടക്കുമ്പോഴായിരുന്നു അപകടം. കാനയിലെ ഇരുമ്പ് പൈപ്പു കൾക്കിടയിൽ കാൽ കുടുങ്ങിയ നിത, വളരെ പ്രയാസപ്പെട്ടു തന്റെ ഇടതുകാൽ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സംഭവം കണ്ട് എത്തിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനെത്തി. ഇതിനിടെ അരൂർ ഫയർഫോഴ്സിനെയും കുത്തിയതോട് പൊലീസിനേയും വിവരമറിയിച്ചു. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും നാട്ടുകാർ കട്ടർ ഉപയോഗിച്ചു ഇരുമ്പ് പൈപ്പ് മുറിച്ച് കുടുങ്ങിപ്പോയ പെൺകുട്ടിയെ കാനയിൽ നിന്നു രക്ഷിച്ചിരുന്നു. കൊച്ചി കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് നിത. ദേശീയപാത വിഭാഗം ആണ് ആശുപത്രിക്ക് മുന്നിലെ കാന നിർമ്മിച്ചിരിക്കുന്നത്. കാനയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് പൈപ്പിനിടയിലെ വിടവാണ് അപകടം ഉണ്ടാകാൻ കാരണം .