റോഡിന് ഫണ്ട് അനുവദിക്കാമെന്ന് എം.എം. ആരിഫ്
ആലപ്പുഴ: റോഡ് റെയിൽവേയുടെ അധീനതയിലാണെങ്കിലും
അറ്റകുറ്റപ്പണികൾക്ക് ഫണ്ട് അനുവദിക്കാമെന്ന് എം.പി ഉറപ്പു നൽകിയതോടെ ആശ്വാസത്തിലാണ് പ്രദേശവാസികളും പ്രതിദിന യാത്രക്കാരും. വർഷങ്ങളായി തകർന്നു കിടക്കുന്ന ഇ.എസ്.എ - റെയിൽവേ സ്റ്റേഷൻ റോഡിനാണ് എ.എം. ആരിഫ് എം.പിയുടെ വാഗ്ദാനം പ്രതീക്ഷയേകുന്നത്.
ബീച്ചിനു സമീപമുള്ള ഇ.എസ്.എ റോഡ് മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള 250 മീറ്റർ ഭാഗം വലിയ കുഴികളോടെയാണ് പൂർണമായി തകർന്നു കിടക്കുന്നത്. ബീച്ച് റോഡ് മുതൽ സ്റ്റേഷൻ വരെയുള്ള 500 മീറ്റർ റോഡും ഭാഗികമായി തകർന്നു. ഈ ഭാഗങ്ങളിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായി. കഴിഞ്ഞ ദിവസം സ്കൂട്ടറിൽ വന്ന 2 സ്ത്രീകൾ കുഴിയിൽ വീണു. ഇസ്.എസ്.എെ ആശുപത്രിയിൽ വരുന്ന രോഗികളും റോഡ് തകർന്ന് കിടക്കുന്നത് മൂലം വലയുകയാണ്. കുഴികളിൽ വീഴുന്നതിനാൽ ആട്ടോറിക്ഷക്കാർക്ക് ഈ റോഡ് അത്ര താത്പര്യമില്ല. അഥവാ വന്നാൽത്തന്നെ അമിത ചാർജ് ഈടാക്കുന്നുവെന്നും പരാതിയുണ്ട്. റെയിൽവേ ക്വാർട്ടേഴ്സിലേക്ക് കാൽനട യാത്രപോലും ബുദ്ധിമുട്ടാണെന്ന് താമസക്കാർ പറയുന്നു. .
..............................
# സ്വന്തമെങ്കിലും ഫണ്ടില്ല
റെയിൽവേയുടെ അധീനതയിലുള്ള മറ്റ് കാര്യങ്ങളിലെന്ന പോലെയുള്ള താത്പര്യം ഈ റോഡിന്റെ കാര്യത്തിലില്ല. നാട്ടുകാരും യാത്രക്കാരും നിരവധി തവണ റെയിൽവേ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഫണ്ട് ലഭിക്കാതെ ഒന്നും ചെയ്യാൻ പറ്റില്ലെന്നായിരുന്നു റെയിൽവേയുടെ മറുപടി. മഴക്കാലത്ത് റോഡ് കുളമാകും. രാവിലെ ധൃതി പിടിച്ച് റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്കും ദുരിത യാത്രയാണ് ഇവിടെ. നഗരസഭയുടെ നേതൃത്വത്തിൽ റോഡുകൾ നവീകരിക്കുന്ന സമയത്തും ഇവിടം ഒഴിവാക്കുന്നതാണ് പതിവ്. ഈ സാഹചര്യത്തിലാണ് എം.പി ഇടപെട്ടത്.
...............................
'റെയിൽവേസ്റ്റേഷൻ റോഡിൽ തകർന്ന് കിടക്കുന്ന ഭാഗം ഉടൻ നന്നാക്കും. കഴിഞ്ഞ ദിവസം എം.പിയുമായുള്ള ചർച്ചയിൽ പ്രാദേശിക വികസന ഫണ്ടിൽപ്പെടുത്തി റോഡ് നിർമിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്'
(റെയിൽവേ സ്റ്റേഷൻ അധികൃതർ)