കായംകുളം: കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന തീരദേശ ഗ്രാമമായ കണ്ടല്ലൂരിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും യാതൊരു നടപടിയുമില്ല.

പുല്ലുകുളങ്ങര- കൊച്ചിയുടെ ജെട്ടി റോഡിൽ കാരാവള്ളിയിലേക്ക് തിരിയുന്ന റോഡിന്റെ സമീപമാണ് പൈപ്പ് പൊട്ടി ജലം പാഴാകുന്നത്. റോഡിന് കുറുകെ മണ്ണിനടിയിൽ കൂടി പോയിരിക്കുന്ന പൈപ്പ് ലൈനാണ് പൊട്ടിയത്. ഈ ഭാഗത്ത് റോഡിന്റെ ടാർ തകർത്ത് ജലം പുറത്തേക്ക് ഒഴുകുകയാണ്.

പമ്പിംഗ് സമയത്ത് കൂടുതലായി എത്തുന്ന ജലം വശത്തുള്ള ഓടയിലേക്ക് ഒഴുകി മാറുകയാണ്. പൊട്ടിയ പൈപ്പിൽ കൂടി മലിന ജലം കലർന്ന് വീടുകളിൽ എത്താനുള്ള സാദ്ധ്യതയും ഏറെയാണ്.

ഈ ഭാഗത്ത് നിന്നാണ് റോഡിന് മറുവശത്തുള്ള വീടുകളിലേക്ക് കണക്ഷൻ നൽകിയിരിക്കുന്നത്.

കണ്ടല്ലൂരിൽ ഒരു മാസമായി പൈപ്പ് ജലത്തിൽ ഓരു വെള്ളം നിറയുന്നത് മൂലം ഉപയോഗിക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. അഞ്ചു വാർഡുകളിലാണ് കുടിവെള്ളത്തിന് ദൗർലഭ്യം നേരിടുന്നത്. ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചാണ് ഇവിടെ താത്കാലിക പരിഹാരം കാണുന്നത്.