നാളെ വൈകിട്ട് മൂന്നിന് ആലപ്പുഴ ടൗൺഹാളിൽ പൊതുദർശനം
ആലപ്പുഴ: അർബുദ രോഗവുമായുള്ള യുദ്ധത്തിനൊടുവിൽ പരാജയം ഏറ്റുവാങ്ങേണ്ടിവന്ന തോമസ് ചാണ്ടി നിറമുള്ളൊരു ഓർമ്മച്ചിത്രമായി നാളെ സ്വന്തം നാട്ടിലേക്കെത്തും. കൊച്ചി ആസ്റ്റർ മെഡി സിറ്റിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം നാളെ വൈകിട്ട് മൂന്ന് ആലപ്പുഴ ടൗൺഹാളിൽ പൊതു ദർശനത്തിനെത്തിക്കും. അഞ്ചിനു ശേഷം കുട്ടനാട്ടിലെ വസതിയിയിലേുള്ള യാത്ര. ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് ചേന്നംകരി സെന്റ്പോൾസ് മാർത്തോമ ദേവാലയ സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ
കർഷക കുടുംബത്തിൽ ജനിച്ച തോമസ് ചാണ്ടി മികച്ചൊരു കർഷകനായതിനു പിന്നിൽ കുട്ടനാട് എന്ന കർഷകഭൂമി തന്നെയായിരുന്നു. പിതാവ് കുട്ടനാട് ചേന്നങ്കരി കളത്തിൽപറമ്പിൽ വെട്ടികാട് വി.സി.തോമസ് കർഷകനായിരുന്നു. ചെറുപ്പകാലം തൊട്ട് കൃഷിയിൽ പിതാവിനെ സഹായിക്കാൻ തോമസ് ചാണ്ടിയും ഒപ്പം കൂടി. കുഞ്ഞുമോനെന്നായിരുന്നു വിളിപ്പേര്. കൃഷിയുടെ ബാലപാഠങ്ങൾ അച്ഛനിൽ നിന്നുതന്നെ പഠിച്ചു. ജീവിതത്തിൽ പിടിച്ചു നിൽക്കാനായി മറുകര താണ്ടേണ്ടി വന്നെങ്കിലും കൃഷിയും കുട്ടനാടുമായുമുളള ബന്ധം തോമസ് ചാണ്ടി കൈവിട്ടില്ല.
കരിമീനും താറാവും ചിക്കനും ഉൾപ്പെടെയുള്ള വിഭവങ്ങൾ അതിഥികൾക്കായി സദാസമയം 'സ്റ്റോക്ക്' ചെയ്യുന്ന പതിവുണ്ടെങ്കിലും ഉപ്പുമാങ്ങ ചമ്മന്തിയും ഉണക്കമീൻ വറുത്തതും ചാണ്ടിക്ക് ഒഴിവാക്കൻ പറ്റുന്ന രണ്ടിനങ്ങളല്ല. മരണദിവസം രാവിലെയും കഞ്ഞിക്കൊപ്പം ഉപ്പുമാങ്ങ ചമ്മന്തിയും ഉണക്കമീനും കഴിച്ചിരുന്നു. ചെറുപ്രായത്തിൽ അമ്മ ഏലിയാമ്മ വിളമ്പി ശീലിച്ച ഈ ഭക്ഷണം മരണം വരെയും തോമസ് ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.
അർബുദ രോഗം മൂർദ്ധന്യതയിലാണെന്ന് തോമസ് ചാണ്ടിക്ക് ബോദ്ധ്യമുണ്ടായിരുന്നു. മരണം വിളിപ്പുറത്തുണ്ടെന്ന യാഥാർത്ഥ്യവും. പക്ഷേ, തന്റെ ദിനചര്യകളിലോ ഭക്ഷണ രീതികളിലോ സ്വഭാവത്തിലോ മാറ്റം വരുത്താൻ തോമസ് ചാണ്ടി തയ്യാറല്ലായിരുന്നു.
ചാണ്ടിയില്ലാത്ത ആദ്യ ക്രിസ്മസ്
എല്ലാ വർഷവും ലേക് പാലസ് റിസോർട്ടിൽ ക്രിസ്മമസ് ആഘോഷത്തിന് നേതൃത്വം വഹിച്ചിരുന്നത് തോമസ് ചാണ്ടിയായിരുന്നു. 24ന് രാത്രി 11.59ന് കൗണ്ട് ഡൗൺ തോമസ് ചാണ്ടി എണ്ണിക്കൊടുക്കും. റിസോർട്ടിലെ ജീവനക്കാരും അതിഥികളുമൊക്കെ ആ ആഘോഷത്തിൽ വലിപ്പച്ചെറുപ്പമില്ലാതെ പങ്കെടുക്കും. പക്ഷേ ഇക്കുറി ക്രിസ്മസ് തലേന്ന് തോമസ് ചാണ്ടി പള്ളി സെമിത്തേരിയിൽ നൊമ്പരപ്പൂവുകൾക്കപ്പുറമൊരു ഓർമ്മപ്പൂവായി മാറിക്കഴിയും.
ബോട്ടിലും സമരം
വിദ്യാർത്ഥികൾക്ക് ഓർഡിനറി ബോട്ടിൽ അനുവദിച്ച കൺസഷൻ എക്സ്പ്രസ് ബോട്ടിലും ഉപയോഗിക്കാൻ നടത്തിയ സമരത്തിന്റെ മുൻനിര നേതാവായിരുന്നു തോമസ് ചാണ്ടി. ഓർഡിനറി ബോട്ടുകൾ നേരത്തെ പോകുമെന്നതിനാൽ കുട്ടനാട്ടിലെ വിദ്യാർത്ഥികൾക്ക് പലപ്പോഴും വിദ്യാലയങ്ങളിൽ നേരത്തും കാലത്തും എത്താൻ കഴിയുമായിരുന്നില്ല. ഇതോടെ ബോട്ട് യൂസേഴ്സ് അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചു. ഭാരവാഹി അല്ലായിരുന്നെങ്കിലും മുൻനിര നേതാവായിരുന്നു തോമസ് ചാണ്ടി. സമരം തുടർന്നപ്പോൾ ജലഗതാഗതവകുപ്പ്
വിദ്യാർത്ഥികൾക്ക് അനുകൂലമായി ഉത്തരവിറക്കിയെന്നതും ചരിത്രം.