ആലപ്പുഴ : ക്രിസ്മസിന് ഇനി മൂന്നു നാൾ. നാടാകെ ആഘോഷത്തിൽ മുഴുകുമ്പോൾ കുട്ടനാട്ടിലെ കുഞ്ഞോളങ്ങളിൽ തട്ടി വീശിയെത്തുന്ന കാറ്റിലും കണ്ണീർക്കണങ്ങൾ നിറയും. ഡിസംബറിന്റെ മഞ്ഞുതുള്ളിയെപ്പോലെ സ്വന്തം നാടിനെ പ്രണയിച്ചിരുന്നൊരു രാഷ്ട്രീയക്കാരനെ, വ്യവസായ പ്രമുഖനെ ഓർത്ത്.

ഡിസംബറും ക്രിസ്മസും എന്നും നാട്ടിലിരുന്ന് ആഘോഷിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച മുൻമന്ത്രിയും എം.എൽ.എയുമായ തോമസ് ചാണ്ടിക്കിഷ്ടം. ലോകത്ത് എവിടെയായിരുന്നാലും ക്രിസ്മസ് തലേന്ന് അദ്ദേഹം ചേന്നങ്കരി വെട്ടിക്കാട്ട് കളത്തിൽ പറമ്പിൽ വീട്ടിലേക്കെത്തും. ചാണ്ടിസാർ എത്തിയെന്നറിഞ്ഞാൽ കുട്ടനാട്ടിലെ ഒട്ടുമിക്ക കരോൾ സംഘങ്ങളും കളത്തിൽപ്പറമ്പിൽ വീട്ടിലേക്ക് വരവായി. ആരെയും വെറും കൈയോടെ വിടില്ല. കരോൾ പാർട്ടിയുടെ പ്രകടനം നന്നായി ആസ്വദിച്ച ശേഷം കൈനിറയെ സംഭാവനയും നൽകും. രണ്ടായിരം, മൂവായിരം, അയ്യായിരം എന്നിങ്ങനെയാണ് ചാണ്ടിസാറിന്റെ സംഭാവനയുടെ കണക്ക്. മനസു നിറയെ ഇഷ്ടപ്പെടുന്നവർക്കാണ് അയ്യായിരം രൂപ.

രണ്ട് വർഷം മുമ്പ് ഒരു കരോൾ സംഘം ചാണ്ടിയുടെ വീട്ടിലെത്തി പാട്ടുപാടി. മൊത്തം കേട്ടിരുന്ന ശേഷം അദ്ദേഹം അവരെ അടുത്തേക്ക് വിളിച്ചുപാട്ടിലെ തെറ്റ് ചൂണ്ടിക്കാട്ടി . അവർക്കൊപ്പം പാട്ടുമൂളി പഠിപ്പിച്ചു. പാട്ടു ശരിയായി പഠിച്ച് കരോൾ സംഘം പാടിയപ്പോൾ മൂവായിരം രൂപ സംഭാവനയും കൊടുത്താണ് യാത്രയാക്കിയത്. കുട്ടനാട്ടിലെ മിക്ക കരോൾ സംഘങ്ങളും ഒരുങ്ങുന്നത് ചാണ്ടിസാറിന്റെ സംഭാവന മുന്നിൽ കണ്ടാണെന്ന് ആരും സമ്മതിക്കുന്നൊരു സത്യം. ഒരു ക്രിസ്മസ് സീസണിൽ അമ്പതോളം കരോൾ സംഘങ്ങൾ കളത്തിൽ പറമ്പിൽ വീട്ടിലെത്തും. അവർക്കൊപ്പം താളം പിടിക്കാൻ ചാണ്ടി സാറും ഉണ്ടാകുമായിരുന്നു. ഇത്തവണ ക്രിസ്മസിന് ആരവമുയരുമ്പോൾ ആഘോഷത്തിന് ചാണ്ടി സാർ ഇനിയില്ലെന്ന് ആർക്കും വിശ്വസിക്കാൻ കഴിയുന്നില്ല.