kulavazha

ആലപ്പുഴ: കുളവാഴ ആർക്കും വേണ്ടാത്തൊരു സസ്യമല്ലെന്നും പുതിയൊരു 'കൽപവൃക്ഷ'മായി മാറിയേക്കാവുന്ന സസ്യം കൂടിയാണെന്നും തെളിയിച്ചിരിക്കുകയാണ് ആലപ്പുഴ എസ്.ഡി കോളേജിലെ അദ്ധ്യാപകരും ഒരുകൂട്ടം വിദ്യാർത്ഥികളും. ആലപ്പുഴ എസ്.ഡി.വി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന കാർഷിക വ്യാവസായിക പ്രദശന മേളയിലെ ഈ സ്റ്റാളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

വിപണിയിൽ വൻ സാദ്ധ്യതകളുള്ള നിരവധി മൂല്യ വർധിത ഉത്പ്പനങ്ങൾ കുളവാഴയിൽ നിന്നു ലഭിക്കുമെന്ന് കണ്ടെത്തിയത് കോളജിലെ സുവോളജി വിഭാഗം അദ്ധ്യാപകൻ ഡോ.ജി. നാഗേന്ദ്ര പ്രഭുവാണ്. 1998ലാണ് കുളവാഴയിൽ നിന്നു മൂല്യ വർദ്ധിത ഉത്പ്പന്നങ്ങൾ എന്ന ആശയം ഡോ. നാഗേന്ദ്ര പ്രഭു മുന്നോട്ട് വച്ചത്. വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കാൻ കഴിയുന്ന നിരവധി ഉത്പ്പന്നങ്ങൾക്ക് പുറമെ പല തരത്തിലുള്ള നിറങ്ങൾ, ചിത്രങ്ങൾ വരയ്ക്കാനുള്ള കാൻവാസുകൾ, ഏറെ ആവശ്യക്കാരുള്ള ബ്രിക്കറ്റ്, ഡിസ്പോസിബിൾ പ്ലേറ്റ്, ഗ്ലാസ്, നഴ്സറി പോട്ട്, പെൻ സ്റ്റാൻഡ്, നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ബോർഡുകൾ, ശിൽപനിർമ്മാണത്തിനുള്ള പൾപ് തുടങ്ങിയവ വരെ കുളവാഴയിൽ നിന്നു നിർമ്മിച്ചെടുക്കാം.


കൂൺ കൃഷിക്കും കുളവാഴ ഉപയോഗിക്കാൻ സാധിക്കും. കുളവാഴയുടെ തണ്ടും ഇലകളും അരിഞ്ഞു പുഴുങ്ങി ഉണക്കിയെടുത്ത് കൂൺ ബെഡ്ഡ് നിർമ്മാണത്തിനും ഉപയോഗിക്കാം. വൈക്കോൽ ഉപയോഗിക്കുന്നതിനേക്കാൾ മികച്ച ഉത്പാദനം ഇതിലൂടെ ലഭിക്കുമെന്ന് ഇവർ അവകാശപ്പെടുന്നു. കൂൺ വിളവെടുപ്പിനു ശേഷം ബാക്കിയാവുന്ന വേസ്റ്റ് ജൈവ വളമായും ഉപയോഗിക്കാം.
നിലവിൽ തിരുവനന്തപുരത്തെ 'ഇക്കോലൂപ് 360' എന്ന സ്റ്റാർട്ടപ് കമ്പനി ബ്രിക്കറ്റ് ഉൾപ്പെടെയുള്ള കുളവാഴ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. 2011ൽ ആരംഭിച്ച ജലവിഭവ ഗവേഷണ കേന്ദ്രത്തിൽ നിരവധി വിദ്യാർത്ഥികൾ കുളവാഴയെക്കുറിച്ച് ഗവേഷണം നടത്തി വരുന്നു.