ഹരിപ്പാട്: വയനാട്ടിലേക്കുള്ള വിനോദയാത്രയിൽ മുങ്ങി മരിച്ച സുഹൃത്തുക്കൾക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വെളളിയാഴ്ച രാത്രി ഒരുമണിയോടെയാണ് മൃതദേഹങ്ങൾ കായംകുളത്ത് എത്തിച്ചത്.
താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചശേഷം രാവിലെ വീടുകളിൽ എത്തിച്ചു.
വ്യാഴാഴ്ച വൈകിട്ട് നാലരയോടെ വയനാട് മേപ്പാടി ചുളിക്കയിൽ ആണ് വിനോദ സഞ്ചാരത്തിനെത്തിയ ആറാട്ടുപുഴ സ്വദേശികളായ അറംഗസംഘത്തിലെ ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻ പറമ്പിൽ ധനേശന്റെ മകൻ നിഥിൻ (24), പെരുമ്പള്ളി പീകാട്ടിൽ കാർത്തികേയന്റെ മകൻ ജിതിൻ (23), രാമഞ്ചേരി പുത്തൻ മണ്ണേൽ ബിനുവിന്റെ മകൻ ബിജിലാൽ (20) എന്നിവർ മരിച്ചത്. ഒൻപതരയോടെ ബിജിലാലിന്റെ മൃതദേഹമാണ് ആദ്യം രാമഞ്ചേരിയിലെ വീട്ടിലെത്തിച്ചത്. പത്തരയോടെ നിധിന്റെയും പതിനൊന്നു മണിയോടെ ജിതിന്റെയും മൃതദേഹവും പെരുമ്പളളിയിലെ വീടുകളിൽ കൊണ്ടുവന്നു. രാവിലെ മുതൽ തന്നെ നൂറുകണക്കിനാളുകളാണ് മൂവരുടെയും വീടുകളിലേക്കെത്തിയത്.
എ.എം.ആരിഫ് എം.പി, ഡി.സി.സി പ്രസിഡന്റ് എം.ലിജു, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ.കെ.ബേബി, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ആനന്ദൻ, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജെയിംസ് ശാമുവൽ തുടങ്ങിയവർ വീടുകളിലെത്തി അന്ത്യോപചാരമർപ്പിച്ചു.