വള്ളികുന്നം: ആർ.എസ്.എസ് മികച്ച പ്രസ്ഥാനമാണെന്ന് പറയിപ്പിക്കാൻ ആസൂത്രിത ശ്രമം ഉണ്ടായതായി റിട്ട. ജസ്റ്റിസ് ബി.കെമാൽ പാഷ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇലിപ്പക്കുളം മുസ്‌ലിം ജമാഅത്തിന്റ നേതൃത്വത്തിൽ സംഘടിപ്പിച്ച സെക്യുലർ റാലിക്ക് ശേഷമുള്ള സമ്മേളനം ചൂനാട് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'വ്യാജ ശബ്ദ സന്ദേശം പുറത്തിറക്കി എന്നെ കുടുക്കാൻ ശ്രമം നടന്നു. ഒരു രാഷ്ട്രീയ പാർട്ടിയോടും എനിക്ക് വിയോജിപ്പില്ല. ബാബറി മസ്ജിദ് വിഷയം കെട്ടടങ്ങിയതോടെ വർഗീയ ചേരിതിരിവ് നിലനിറുത്താനാണ് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്. മതേതരമായ കൂട്ടായ്മകൾ ശക്തിപ്പെടുത്തി മാത്രമെ ഫാസിസ്റ്റുകളെ നേരിടാൻ കഴിയൂ. പുതിയ നിയമം പ്രാവർത്തികമാകുന്നതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു ക്രിസ്ത്യൻ സമൂഹം പുറന്തള്ളപ്പെടും. ഭാരതത്തിന്റെ അഖണ്ഡതയെ തകർക്കുന്നതാണ് ഈ നിയമം. രാജ്യത്തിനുള്ളിലെ സംസ്ഥാനങ്ങളിലേക്ക് പോകാൻ പ്രത്യേക അനുമതി വേണമെന്ന അവസ്ഥ ഏകത്വത്തെ തകർക്കുന്നതാണ്. ഫാസിസത്തോട് താത്പര്യമുള്ളവർ മാത്രമേ പുതിയ നിയമത്തിൽ പൗരന്മാരാകു. മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മാരാക്കാനാണ് ശ്രമം. പൗരന്മാർക്കു മാത്രമല്ല വ്യക്തികൾക്കു പോലും പ്രത്യേക അവകാശമുള്ളതാണ് ഇന്ത്യൻ ഭരണഘടന. 21 രാജ്യത്തെ അഭയാർഥികൾ ഇന്ത്യയിലുണ്ട്. ഇതിൽ മൂന്ന് രാജ്യത്തെ പൗരന്മാർക്കു മാത്രം പൗരത്വം നൽകാനുള്ള നീക്കം വിവേചനപരമാണെന്നും അദ്ദേഹം പറഞ്ഞു. ഇലിപ്പക്കുളം ജമാഅത്ത് പ്രസിഡന്റ് പി.ജെ.അൻസാരി അദ്ധ്യക്ഷത വഹിച്ചു. ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. സി.പി.എം ഏരിയ കമ്മിറ്റി അംഗം എൻ.എസ്.ശ്രീകുമാർ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജി. രാജീവ് കുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി ജി. സോഹൻ, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് നന്ദകുമാർ മേലേ കപ്പള്ളിൽ, എസ്.എൻ.ഡി.പി യോഗം ശാഖ പ്രസിഡന്റ് വി. ശ്രീകുമാർ, കെ.പി.എം.എസ് ജില്ല കമ്മിറ്റി അംഗം ദിലീപ് കട്ടച്ചിറ, കെ.പി.സി.സി സെക്രട്ടറി കെ.പി. ശ്രീകുമാർ, പുരോഗമന കലാസാഹിത്യ സംഘം ഏരിയ കമ്മിറ്റി അംഗം റീന ടി.രഘുനാഥ്, ജില്ല പഞ്ചായത്ത് അംഗം അരിത ബാബു, പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തങ്കപ്പൻ, ജി. മുരളി, വള്ളികുന്നം പ്രസാദ് എന്നിവർ സംസാരിച്ചു.