42 കേസുകൾ, 13 പേർക്കെതിരെ നിയമ നടപടി
ആലപ്പുഴ: ക്രിസ്മസിനോടനുബന്ധിച്ച് അളവുതൂക്ക വിഭാഗം അധികൃതർ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ രജിസ്റ്റർ ചെയ്തത് 42 കേസുകൾ എടുത്തു. ബേക്കറികൾ, സൂപ്പർ മാർക്കറ്റുകൾ, ഇറച്ചി-മത്സ്യ മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധനകൾ നടന്നത്. ക്രമക്കേടു കാട്ടിയ 13 പേർക്കെതിരെ നിയമ നടപടികൾ തുടങ്ങി.
കൃത്യത ഇല്ലാത്ത ത്രാസ് ഇറച്ചി വ്യാപരത്തിന് ഉപയോഗിച്ചതിന് പുന്നമട, വളവനാട്, മുഹമ്മ മാർക്കറ്റ് എന്നിവിടങ്ങളിലെ വ്യാപാരികൾക്കെതിരെ നടപടികൾ സ്വീകരിച്ചു. കേക്ക് പായ്ക്കറ്റുകളിൽ വില രേഖപ്പെടുത്താത്തതിനും യഥാർത്ഥവില മറച്ച് കൂടിയ വില രേഖപ്പെടുത്തിയതിനും ഒമ്പതിടങ്ങളിലെ ബേക്കറികളിൽ നിന്നായി 55,000 രൂപ പിഴ ഈടാക്കി. അസിസ്റ്റന്റ് കൺട്രോളറുടെ മേൽനോട്ടത്തിൽ മൂന്ന് സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരും. അസിസ്റ്റന്റ് കൺട്രോളർമരായ എം.ആർ.ശ്രീകുമാർ, എസ്. ഷേയ്ക്ക് ഷിബു എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനകളിൽ സീനിയർ ഇൻസ്പെക്ടർ ഷൈനി വാസവൻ, ഇൻസ്പെക്ടർമാരായ കെ.കെ.ഉദയൻ, ബിനുബാലക്, പി. പ്രവീൺ, ബി. മുരളീധരൻ പിള്ള, ആർ.എസ്.രഞ്ജിത് എന്നിവർ പങ്കെടുത്തു.
..............................................
# മറ്റ് കേസുകൾ
മുല്ലയ്ക്കൽ തെരുവിലെ ആറ് വ്യാപാരികളിൽ നിന്നു അളവ് തൂക്ക നിയമ ലംഘനത്തിന് 21,000 രൂപ പിഴ ഈടാക്കി, ഒരു വ്യാപാരിക്കെതിരെ നിയമ നടപടി ആരംഭിച്ചു
ആലപ്പുഴ നഗരത്തിലെ സൂപ്പർ മാർക്കറ്റിനെതിരെ, വില്പന വില തിരുത്തിയതിനും വില രേഖപ്പെടുത്താത്ത പായ്ക്കറ്റുകൾ വിൽപനയ്ക്ക് വച്ചതിനും നടപടി
അംഗീകൃതമല്ലാത്ത അളവ് ഉപകരണം ഉപയോഗിച്ച എരമല്ലൂരിലെ ബാർ ഹോട്ടലിന് 16,000 രൂപ പിഴ
ജില്ലയിലെ പ്രധാനപ്പെട്ട ഹൈപ്പർ മാർക്കറ്റിനെതിരെയും അളവ് തൂക്ക നിയമ ലംഘനത്തിന് നടപടി
അരിയുടെ ബില്ല് നൽകുകയും അരി നൽകാതിരിക്കുകയും ചെയ്തതിന് അവലൂക്കുന്നിലെ റേഷൻ കടയ്ക്കും തൂക്കത്തിൽ കുറവിനു താമരക്കുളം, ചാരുംമൂട്, വള്ളികുന്നം എന്നിവിടങ്ങളിലെ റേഷൻ കടകൾക്കുമെതിരെ കേസ്