ചേർത്തല: ശിവഗിരി തീർത്ഥാടന നഗരിയിൽ ഉയർത്താനുള്ള കൊടിക്കയറുമായി കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിൽ നിന്നു പദയാത്ര തുടങ്ങി. ക്ഷേത്രത്തിലെ ഗുരുദേവാലയത്തിൽ ചാലക്കുടി ഗായത്രി ആശ്രമത്തിലെ സച്ചിതാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പൂജയ്ക്ക് ശേഷം ചേർത്തല താലൂക്ക് മഹാസമാധിദിനാചരണ കമ്മിറ്റി ചെയർമാനും ജാഥാ ക്യാപ്ടനുമായ വിജയഘോഷ് ചാരങ്കാട്ട് കൊടിക്കയർ ഏറ്റുവാങ്ങി.
ഏഴ് ദിവസം നീണ്ടു നിൽക്കുന്ന കൊടിക്കയർ പദയാത്രയെ 125 ഓളം ശ്രീനാരായണ വിശ്വാസികളാണ് അനുഗമിക്കുന്നത്. 29ന് വൈകിട്ട് 6ന് ശിവഗിരി സമാധിമണ്ഡപത്തിൽ മഠാധിപതി വിശുദ്ധാനന്ദസ്വാമിയുടെ സാന്നിദ്ധ്യത്തിൽ കൊടിക്കയർ സമർപ്പിക്കും. കൊടിക്കയർ പദയാത്രയോടനുബന്ധിച്ച് ശക്തീശ്വരം ക്ഷേത്രത്തിൽ നടന്ന സമ്മേളനം
എ.എം.ആരിഫ് എം.പി. ഉദ്ഘാടാനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് സി.കെ.ഷാജിമോഹൻ അദ്ധ്യക്ഷനായി. സച്ചിതാനന്ദ സ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. കെ.ആർ. രാജു, പി.എം.പുഷ്‌കരൻ പുത്തൻകാവ്, വി.എ.കാർത്തികേയൻ കൊക്കോതമംഗലം, സി.ആർ.ജയപ്രകാശൻ കളവംകോടം എന്നിവർ സംസാരിച്ചു.