ആലപ്പുഴ: ക്രിസ്മസ്,ചിറപ്പ്, ബീച്ച് ഫെസ്​റ്റ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ലഹരി ഉപയോഗവും അനധികൃത മദ്യ വില്പനയും തടയുന്നതിന് എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്ട്രൈക്കിംഗ് ഫോഴ്സിനെ നിയോഗിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അബ്കാരി കേസുകളിൽ വേഗത്തിൽ നടപടി സ്വീകരിക്കുകയാണ് ലക്ഷ്യം. ജനുവരി അഞ്ചുവരെ ടീം പ്രവർത്തിക്കും. ഡെപ്യൂട്ടി കളക്ടർ ജെ.മോബിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തിൽ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ഷാജി എസ്.രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.

കഴിഞ്ഞ യോഗത്തിന് ശേഷം നാല് മാസത്തിനുള്ളിൽ ജില്ലയിൽ പൊതുസ്ഥലത്ത് പരസ്യ മദ്യപാനം നടത്തിയതിന് 216 കേസുകളും പൊതുസ്ഥലത്ത് പുകവലിച്ചതിന് 1656 കേസുകളും കണ്ടെത്തി പിഴയടപ്പിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുത്തിയതോട് റേഞ്ചിൽ ലൈസൻസ് വ്യവസ്ഥ ലംഘിച്ചു പ്രവർത്തിച്ചതിന് എരമല്ലൂരിലെ മിഥില ബാർ ഹോട്ടലിനെതിരെയും രണ്ടു കള്ളുഷാപ്പുകൾക്കെതിരെയും കേസ് രജിസ്​റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, ചേർത്തല റേഞ്ചിലെ മൂന്ന് കള്ളുഷാപ്പുകൾക്കെതിരെ നടപടി എടുത്തു. നാലു മാസത്തിനിടെ ജില്ലയിൽ 3,608 റെയ്ഡുകൾ നടത്തി. 307 അബ്കാരി കേസുകളാണ് രജിസ്റ്റർ ചെയ്തത്. 142 ലി​റ്റർ ചാരായം, 277 ലി​റ്റർ വിദേശമദ്യം 1190 ലി​റ്റർ കോട, 413 ലി​റ്റർ കള്ള്, 11 ലി​റ്റർ ബിയർ, 21 കി.ഗ്രാം കഞ്ചാവ്, 262 നെട്ടോസെഫാം ഗുളികകൾ, 2 കഞ്ചാവ് ചെടി, 6.4 ലി​റ്റർ അരിഷ്ടം, 42280 രൂപ തൊണ്ടിപ്പണം, 40.55 കിലോ പുകയില ഉത്പന്നങ്ങൾ, 399 പാക്ക​റ്റ് ഹാൻസ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.