 ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ അന്ത്യോപചാരം അർപ്പിച്ചത് ആയിരങ്ങൾ

ആലപ്പുഴ:സങ്കടവുമായി എത്തുന്നവർക്ക് മുന്നിൽ എന്നും അനുകമ്പയുടെ മുഖവുമായി നിന്നിട്ടുള്ള തോമസ് ചാണ്ടിക്ക്

നന്ദിനിറഞ്ഞ ഓർമ്മകളുമായി യാത്രാമൊഴി നൽകാനെത്തിയത് ആയിരങ്ങൾ. എറണാകുളത്തുനിന്ന് കെഎസ്ആർ.ടി.സിയുടെ പ്രത്യേക വാഹനത്തിൽ ഇന്നലെ വൈകിട്ട് ഇ.എം.എസ് സ്റ്രേഡിയത്തിന് മുന്നിലെത്തിച്ച ചാണ്ടിയുടെ ഭൗതിക ശരീരം ഒരു നോക്കുകാണാനായി മണിക്കൂറുകൾക്കു മുമ്പുതന്നെ ജനം ഇവിടേക്ക് ഒഴുകിയെത്തിയിരുന്നു. സംസ്ഥാനത്തെ നാല് മന്ത്രിമാരടക്കമുള്ളവരും എത്തിച്ചേർന്നു.

ചാണ്ടിയുടെ സഹോദരങ്ങളായ തോമച്ചൻ, അനിയച്ചൻ, തങ്കമ്മ, ലാലി, മക്കളായ ടോബി ചാണ്ടി, ടെസി ചാണ്ടി എന്നിവർ മൃതദേഹത്തെ അനുഗമിച്ച് വാഹനത്തിൽ ഉണ്ടായിരുന്നു. ഒരു മണിക്കൂറോളം ഇ.എസ്.എസ് സ്റ്റേഡിയത്തിന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിന് സമീപം പൊതു ദർശനം നടന്നു. ബസിൽ കയറിയാണ് എല്ലാവരും അന്ത്യോപചാരമർപ്പിച്ചത്.

മുൻ എം.എൽ.എമാരായ ഡി.സുഗതൻ, എ.വി.താമരാക്ഷൻ, ഡോ.കെ.സി.ജോസഫ്,മുൻ എം.പി.സി.എസ്.സുജാത, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, സി.പി.ഐ ജില്ലാ കമ്മ​റ്റിക്ക് വേണ്ടി ജി.കൃഷ്ണപ്രസാദ്, പി.വി.സത്യനേശൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. സോമൻ, മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ, കേരള സ്​റ്റേ​റ്റ് കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി ചെയർമാൻ അഡ്വ.കെ പ്രസാദ്, ഫോം മാ​റ്റിംഗ്സ് ചെയർമാൻ അഡ്വ.കെ.ആർ ഭഗീരഥൻ, 'കെൽ' ചെയർമാൻ അഡ്വ. വർക്കല ബി.രാധാകൃഷ്ണൻ, കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബു, ആലപ്പുഴ നഗരസഭാദ്ധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ, പ്രതിപക്ഷ നേതാവ് ഡി.ലക്ഷ്മണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ, വിവിധ കക്ഷി നേതാക്കളായ പീതാംബരൻ മാസ്റ്റർ, ഷേക് പി.ഹാരിസ്, ബേബി പാറക്കാടൻ, എസ്.ഭാസ്‌കരൻ പിള്ള, എം.സത്യപാലൻ, എച്ച് സലാം, പി.ഗാനകുമാർ, ബി.അബിൻഷ, മാമ്മൻ ഐപ്, എ.എം നസീർ, കളത്തിൽ വിജയൻ, സുനിൽ ജോർജ്,എ.എൻ പുരം ശിവകുമാർ, തോമസ് ജോസഫ്, സഞ്ജീവ് ഭട്ട്, വൈ എം.സി.എ സെന്റ് ജോർജ് മർത്തോമ ചർച്ച് വികാരി ഫാ.പ്രസാദ് തുടങ്ങി നൂറുകണക്കിനാളുകൾ റീത്ത് സമർപ്പിക്കുകയും അന്ത്യോപചാരം അർപ്പിക്കുകയും ചെയ്തു. വൈകിട്ട് 5.30 ഓടെ വിലാപയാത്രയുടെ അകമ്പടിയോടെ ചേന്നംകരിയിലെ തറവാട്ടിലേക്ക് തോമസ് ചാണ്ടി യാത്രയായി...