ചേർത്തല:മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാനും മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കായൽ സംരക്ഷണ പദ്ധതിയുടെ ഭാഗമായി കക്ക പുനരുജ്ജീവന പരിപാടിക്ക് മുഹമ്മയിൽ തുടക്കമായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ മല്ലിക്കക്ക വേമ്പനാട്ട് കായലിൽ വിതറി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. 80 ലക്ഷം രൂപയാണ് ജില്ലയിലെ കക്കാ പുനരുജ്ജീവന പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. ഇതിനായി ജില്ലയിൽ 14 മത്സ്യ സങ്കേതങ്ങളും 14 കക്ക പുരുജ്ജീവന യൂണിറ്റുകളും സ്ഥാപിക്കുമെന്ന് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ജാസ്മിൻ കെ.ജോസ് പറഞ്ഞു. തണ്ണീർമുക്കം,ആര്യാട് , കാവാലം,കൈനകരി എന്നീ സ്ഥലങ്ങളിൽ പദ്ധതി ആരംഭിച്ചു. മുഹമ്മ കറുത്ത കക്കാ സഹകരണ സംഘം 2551 മുഖേനയാണ് മുഹമ്മയിലെ യൂണിറ്റുകൾ സ്ഥാപിക്കുന്നത്. സംഘം പ്രസിഡന്റ് പി.കെ.സുരേന്ദ്രൻ അദ്ധ്യക്ഷനായി.സി.കെ. സുരേന്ദ്രൻ,വി.പി.ചിദംബരൻ,കലമോൾ,അജിത,ലീന ഡെന്നീസ്,ബിബിൻ,ദീപ എന്നിവർ സംസാരിച്ചു.