സുനാമി ദുരന്തത്തിന് നാളെ 15 വർഷം പൂത്തിയാവുന്നു
വാഗ്ദാനങ്ങൾ വെറും കടലിരമ്പം
ആലപ്പുഴ: അപ്രതീക്ഷിതമായി ഇരച്ചുകയറിയ രാക്ഷസത്തിരമാലകൾ തച്ചുതകർത്ത ആറാട്ടുപുഴ തീരത്തേക്ക് ദിവസങ്ങൾക്കു ശേഷം 'ഇരച്ചെ'ത്തിയ വാഗ്ദാനത്തിരതള്ളൽ വിശ്വസിച്ച പാവപ്പെട്ട നാട്ടുകാർ, ദുരന്തത്തിന് നാളെ 15 ആണ്ട് തികയുമ്പോഴും അധികൃതരുടെ പിന്നാലെ നടക്കുകയാണ്; എന്തെങ്കിലുമൊക്കെയൊന്ന് നടന്നുകിട്ടാൻ.
2004 ഡിസംബർ 26ന് ഉണ്ടായ സുനാമി ദുരന്തത്തിൽ ആറാട്ടുപുഴയിൽ മാത്രം 29 പേരുടെ ജീവൻ നഷ്ടമായി. ദുരന്തത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികൾ ഇന്നും മുട്ടിലിഴയുകയാണ്. തൊഴിലുപകരണങ്ങൾ സൂക്ഷിക്കാൻ സുരക്ഷിതമായ ഇടം, പണിസ്ഥലത്തേക്ക് പോകാനുള്ള പൊതുവഴി, ഡ്രയിനേജ് സൗകര്യങ്ങൾ, കമ്മ്യൂണിറ്റി ഹാൾ, ശ്മശാനം, മാലിന്യ സംസ്‌കരണ പ്ലാന്റ്, കടൽഭിത്തി, കുട്ടികൾക്ക് കളിക്കാൻ പാർക്ക് എന്നിവയുടെ നിർമ്മാണം പാതിവഴിയിലാണ്. മത്സ്യഫെഡിന്റെ നേതൃത്വത്തിൽ 2010ൽ സ്ഥാപിച്ച ഫിഷ് മീൽ ഫാക്ടറിയുടെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. തീരത്ത് മത്സ്യം സുലഭമായി ലഭിക്കുന്നതിനാൽ ഇത് സംഭരിച്ച് നെയ്യ്, വളം എന്നീ മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 250 പേർക്ക് തൊഴിൽ നൽകാൻ കഴിയുന്ന ഫാക്ടറിയിൽ മലിന ജലം ശുദ്ധീകരിക്കുന്ന പ്ളാന്റ് നിർമ്മാണം വൈകുന്നതാണ് തടസം. 9 കോടി രൂപ ചെലവഴിച്ച് ഫിഷ് മീൽ ഫാക്ടറിക്ക് ആവശ്യമായ കെട്ടിടവും യന്ത്രങ്ങളും വൈദ്യുതീകരണവും പൂർത്തീകരിച്ചു. പ്ളാന്റിന്റെ നാലുചുറ്റും വീടുകൾ ഉള്ളതിനാൽ മലിനീകരണ പ്രശ്നം പരിഹരിക്കാൻ മുൻ സർക്കാരിന്റെ അവസാനഘട്ടത്തിൽ രമേശ് ചെന്നിത്തല മുൻകൈ എടുത്ത് മൂന്ന് കോടി രൂപ ട്രീറ്റ്മെന്റ് പ്ളാന്റിന് അനുവദിച്ചു. പിന്നീട് സർക്കാർ മാറിയതോടെ പണം ലഭിക്കുന്നതിനുണ്ടായ കാലതാമസം നിർമ്മാണത്തെ ബാധിച്ചു. ഇപ്പോൾ നിർമ്മാണം നടക്കുന്നുണ്ട്. 2005ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് രൂപംകൊടുത്ത ഫാക്ടറിയുടെ നിർമ്മാണോദോഘാടനം 2010ൽ വി.എസ് സർക്കാരിന്റെ കാലത്തായിരുന്നു. പ്രതിദിനം 100ടൺ മത്സ്യം സംസ്കരിക്കാൻ കഴിയും വിധമുള്ള, സംസ്ഥാനത്തെ ആദ്യ ഫിഷ് മീൽ ഫാക്ടറിയാണ് നിർമ്മാണം തുടങ്ങി 10 വർഷം പിന്നിട്ടിട്ടും പ്രാർത്തികമാകാത്തത്.
എണ്ണിപ്പറയാം...
1. മഹാരാഷ്ട്രയിലെ ചില രാജ്യസഭാ അംഗങ്ങളുടെ പ്രാദേശിക വികസനഫണ്ടിന്ന് ലഭിച്ച 50 ലക്ഷം രൂപ ചെലവഴിച്ച് കുറിയപ്പശേരിയിൽ നിർമ്മിച്ച വൃദ്ധ സദനവും ഉണക്കമീൻ ഫാക്ടറിയും പ്രവർത്തിക്കുന്നില്ല. 50 വൃദ്ധരെ ഉൾക്കൊള്ളാവുന്നതാണ് വൃദ്ധസദനം. ഫാക്ടറിയിൽ 100 പേർക്ക് പ്രതിദിനം തൊഴിൽ ലഭിക്കും
2. സുനാമി പുനരുദ്ധാരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആറാട്ടുപുഴ, ആലപ്പാട് പഞ്ചായത്തുകൾക്ക് 100 കോടി രൂപയുടെ വീതം പ്രത്യേക പാക്കേജ് അനുവദിച്ചു. ആലപ്പാട് തുക പൂർണ്ണമായും ചെലവഴിച്ചെങ്കിലും 60 ശതമാനം പോലും ആറാട്ടുപുഴയിൽ ചെലവഴിച്ചില്ല
3. നിർമ്മാണത്തിലെ അഴിമതിയും തുടർന്നുള്ള അപാകതകളും കാരണം ആറാട്ടുപുഴയിൽ നിർമ്മിച്ച സുനാമി പുനരധിവാസ വീടുകൾ തകർച്ചയുടെ വക്കിലെത്തി. കരിങ്കല്ലിനും കോൺക്രീറ്റിനും പകരം ഗുണമേൻമയില്ലാത്ത ഇഷ്ടിക ഉപയോഗിച്ച് അടിത്തറ കെട്ടി. കായലിലെ ചെളിയും മണ്ണും സിമന്റും ചേർത്ത് ചുവരുകളും കെട്ടി
..............................................
കേരളത്തിനു ലഭിച്ച സുനാമിത്തുക (കോടിയിൽ)
കേന്ദ്രം സർക്കാർ...........................................245.94
പ്ളാനിംഗ് വിഭാഗം..........................................1196.29
എ.ഡി.ബി.........................................................241.46
പ്രധാനമന്ത്രിയുടെ ദുരിതാശ്വസ നിധി.......16.77
മഹാരാഷ്ട്ര സർക്കാർ.....................................12
............................................
മരണം
ആകെ............... 266
കൊല്ലം ............ 35
ആലപ്പുഴ............52
എറണാകുളം....26