thomas

ആലപ്പുഴ: കുട്ടനാട് എം.എൽ.എ യും മുൻ മന്ത്രിയുമായ തോമസ് ചാണ്ടിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വീടിന് സമീപമുള്ള ചേന്നംകരി സെന്റ് പോൾസ് മാർത്തോമ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. മനുഷ്യപ്പറ്റിന്റെ ആൾരൂപമായി കുട്ടനാട്ടുകാർ നെഞ്ചേറ്രിയ ചാണ്ടിക്ക് അന്ത്യോപചാരമർപ്പിക്കാൻ വൻ ജനാവലിയാണ് വെട്ടിക്കാട് കളത്തിൽപ്പറമ്പിൽ വീട്ടുമുറ്റത്തേക്ക് തിങ്കളാഴ്ച വൈകിട്ടു മുതൽ ഒഴുകിയെത്തിയത്.

വീട്ടുമുറ്റത്ത് തയ്യാറാക്കിയ പ്രത്യേക പന്തലിൽ ഉച്ചയ്ക്ക് 12 മണിയോടെ ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്തയുടെ കാർമ്മികത്വത്തിൽ ശുശ്രൂഷാ കർമ്മങ്ങൾ നടന്നു. തുടർന്ന് ഭാര്യ മേഴ്സി ചാണ്ടിയും മക്കളായ ടോബി ചാണ്ടിയും ടെസി ചാണ്ടിയും അന്ത്യചുംബനമർപ്പിച്ചു. രാവിലെ 11ന് വീട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തെ ആശ്വസിപ്പിച്ചശേഷമാണ് അന്ത്യോപചാരമർപ്പിച്ചത്.

നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ജി.സുധാകരൻ, ഡോ.തോമസ് ഐസക്, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രൊഫ. സി.രവീന്ദ്രനാഥ്, എ.സി.മൊയ്തീൻ, എ.കെ.ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി,​ എൻ.സി.പി ദേശീയ അദ്ധ്യക്ഷൻ ശരത്പവാറിന്റെ മകൾ സുപ്രിയസുലെ എം.പി, എം.പി മാരായ അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, എ.എം.ആരിഫ്, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സജി ചെറിയാൻ, യു.പ്രതിഭ, പി.ജെ.ജോസഫ്, മോൻസ് ജോസഫ്, കെ.എസ്.ശബരീനാഥൻ, സി.എഫ്.തോമസ്, കെ.സുരേഷ് കുറുപ്പ്, എൽദോ എബ്രഹാം, മാണി സി.കാപ്പൻ, മുൻ എം.എൽ.എമാരായ ഡി.സുഗതൻ, എ.എ.ഷുക്കൂർ, കെ.കെ.ഷാജു, മുൻ മന്ത്രി കെ.മോഹനൻ, കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണിനെല്ലൂർ, ചലച്ചിത്ര താരം ലാലുഅലക്സ് തുടങ്ങിയവരും ഇന്നലെ ചാണ്ടിക്ക് യാത്രാമൊഴിയേകാൻ എത്തിയിരുന്നു.

ഒരു മണി കഴിഞ്ഞതോടെ മൃതദേഹവും വഹിച്ചുള്ള വാഹനം വീടിന് സമീപമുള്ള സെന്റ് പോൾസ് മാർത്തോമാ പള്ളിയിലേക്ക് നീങ്ങി. പള്ളി അങ്കണത്തിൽ പൊലീസ് ബ്യൂഗിൾ മുഴക്കി ഔദ്യോഗിക ബഹുമതി നൽകി. തുടർന്ന് പ്രാർത്ഥനാ ചടങ്ങുകൾക്കുശേഷം കുടുംബകല്ലറയിൽ സംസ്കാരം നടത്തി. പള്ളി അങ്കണത്തിൽ അനുശോചന യോഗവും ചേർന്നു.