കുടുങ്ങിയത് വാഹന പരിശോധനയ്ക്കിടെ
ആലപ്പുഴ: ക്രിസ്മസ് -പുതുവർഷ ആഘോഷങ്ങൾക്ക് മുന്നോടിയായി ആലപ്പുഴ എക്സൈസ് നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ വാഹനപരിശോധനയിൽ 12 ഗ്രാം ഹാഷിഷും 10 ഗ്രാം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ. ആലപ്പുഴ-
ചങ്ങനാശേരി റോഡിൽ കുട്ടനാട് കിടങ്ങറ പാലത്തിനു കിഴക്ക് നടന്ന പരിശോധനയ്ക്കിടെ സ്വിഫ്റ്റ് കാറിൽ എത്തിയ പത്തനംതിട്ട മല്ലപ്പള്ളി താലൂക്കിൽ കുന്നന്താനം പൈനുംപാറ വീട്ടിൽ കെൻ ജോസഫ് (22), കുന്നന്താനം ശ്രീനിവാസ് ഹൗസിൽ ഗോകുൽ കൃഷ്ണ (22), ചങ്ങനാശേരി തൃക്കൊടിത്താനം കോട്ടമുറി കോട്ടമുറിക്കൽ വീട്ടിൽ ബെൻ ജോസഫ് ജെയിംസ് (23), പത്തനംതിട്ട
മല്ലപ്പള്ളി കുന്നന്താനം പുത്തൻ വീട്ടിൽ ബെൻസൺ ജോസഫ് ജെയിംസ് ( 23) എന്നിവരാണ് അറസ്റ്റിലായത്.
ആഘോഷ ദിവസങ്ങളിലേക്കായി ബംഗളുരുവിൽ നിന്നെത്തിച്ചതാണ് ലഹരി
വസ്തുക്കളെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. നാലുപേരും സുഹൃത്തുക്കളും നാട്ടുകാരുമാണ്. കെൻ
ജോസഫും ഗോകുൽ കൃഷ്ണയും ജോലി സംബന്ധമായി ദീർഘനാളായി ബംഗളുരുവിൽ താമസിച്ചുവരികയാണ്. കഴിഞ്ഞ
ദിവസം നാട്ടിലെത്തിയ ഇവരാണ് ഹാഷിഷും കഞ്ചാവുമെത്തിച്ചത്. ഇവർ യാത്ര ചെയ്ത മാരുതി സ്വിഫ്റ്റ്
കാറും കസ്റ്റഡിയിലെടുത്തു. പ്രതികളെ രാമങ്കരി കോടതിയിൽ ഹാജരാക്കി. ഹാഷിഷ് കൈവശം വയ്ക്കുന്നത് പരമാവധി 20 വർഷം വരെ തടവും ഒരുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.റോബർട്ടിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർ അമൽ രാജൻ, പ്രിവന്റീവ് ഓഫീസർമാരായ വി. ബെന്നിമോൻ, എ. അജീബ്, വി.ജെ.ടോമിച്ചൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി. അനിലാൽ, എൻ.പി. അരുൺ, എസ്. ശ്രീജിത്ത്, ടി. ജിയേഷ്, സനൽ സിബിരാജ്, ജോൺസൺ ജേക്കബ്ബ്, ഡ്രൈവർ സന്തോഷ് എന്നിവർ പങ്കെടുത്തു.
മദ്യം, മയക്കുമരുന്ന് വിവരങ്ങൾ 0477 2251639, 9400069494, 9400069495 എന്നീ നമ്പരുകളിൽ
വിളിച്ചറിയിക്കാമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.