ചേർത്തല: അരൂരിന്റെ ഐശ്വര്യമെന്ന പേരിൽ ഗിമിക്കുകൾ കാട്ടി 13 വർഷം ജനങ്ങളെ കബിളിപ്പിച്ച എ.എം.ആരിഫ് എം.പി മാപ്പുപറയണമെന്ന് അരൂർ മണ്ഡലത്തിലെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ദിലീപ് കണ്ണാടൻ, എം.ആർ.രവി, ഡി.സി.സി ജനറൽ സെക്രട്ടറി തുറവൂർ ദേവരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വൻകിടക്കാരുടെ ആവശ്യങ്ങൾക്കുമാത്രം പരിഹാരവും സാധാരണക്കാരനു അവഗണനയുമായിരുന്നു 13 വർഷക്കാലവും മണ്ഡലത്തിൽ നടന്നത്. വികസനത്തിൽ നിന്ന് ഗ്രാമങ്ങളെ ഒഴിവാക്കി വാർത്തകളിൽ ഇടം പിടിക്കുക മാത്രമായിരുന്നു മുൻ എം.എൽ.എയുടെ ലക്ഷ്യം. സി.പി.എം സംസ്ഥാന സമിതിയംഗങ്ങൾ മണ്ഡലത്തിൽ താമസിച്ചു പ്രവർത്തിച്ചപ്പോഴാണ് വികസന പിന്നാക്കാവസ്ഥ നേരിട്ടറിഞ്ഞതെന്നും നേതാക്കൾ പറഞ്ഞു.