ചേർത്തല:ജോലി കഴിഞ്ഞു വരികയായിരുന്ന പി.എസ്.സി ഉദ്യോഗസ്ഥനെ വാഹനപരിശോധനയ്ക്കിടെ പൊലീസ് മർദ്ദിച്ചെന്ന പരാതി ആലപ്പുഴ സൗത്ത് സി.ഐ കെ.എൻ.രാജേഷ് അന്വേഷിക്കും. ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിയുടെ നിർദ്ദേശത്തെ തുടർന്നാണ് അന്വേഷണം.
പി.എസ്.സി ആസ്ഥാനത്തെ റെക്കോർഡ് വിഭാഗം ഓഫീസർ ചേർത്തല നഗരസഭ അഞ്ചാം വാർഡ് ഇല്ലിക്കൽ രമേഷ് എസ്. കമ്മത്താണ് (52) പൊലീസിന്റെ മർദ്ദനമേറ്റെന്ന പരാതി ഡി.ജി.പിക്ക് നൽകിയത്. 14ന് രാത്രി ചേർത്തല പൂത്തോട്ടപ്പാലത്തിന് സമീപത്തെ ഇരുട്ടിലും വളവിലും പൊലീസ് പരിശോധന നടത്തിയത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണമെന്നും പരാതിയിൽ പറയുന്നു. തുടർന്ന് കൺട്രോൾ റൂമിലെ പൊലീസ് വാഹനത്തിന്റെ ഡ്രൈവറായിരുന്ന എസ്. സുധീഷിനെ സസ്‌പെൻഡ് ചെയ്യുകയും ഗ്രേഡ് എസ്.ഐ കെ.ബാബു, പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പി.ഡി. തോമസ് എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവായിരുന്നു.