തുറവൂർ: ദേശീയപാതയിൽ പട്ടണക്കാട് ബിഷപ് മൂർ സ്കൂളിന് സമീപം അപകടത്തെത്തുടർന്ന് നിറുത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി മിന്നൽ ബസിനു പിന്നിൽ ചരക്കുലോറിയിടിച്ചു സി.ആർ.പി.എഫ് ഇൻസ്പെക്ടർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു.
ബസ് യാത്രക്കാരനായ കന്യാകുമാരി പാക്കോട് നല്ലൻ വിളയ് തങ്കപ്പന്റെ മകൻ അരുളപ്പനാണ് (49) മരിച്ചത്. ബസ് ഡ്രൈവർ, കണ്ടക്ടർ ഉൾപ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്.കണ്ടക്ടറുടെ കാൽ അറ്റ നിലയിലാണ്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറെയും കണ്ടക്ടറെയും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്നു ബസ്. വൈക്കോൽ കയറ്റിവന്ന മിനിലോറിയിൽ ബസ് തട്ടിയതിനെത്തുടർന്ന് രണ്ട് വാഹനങ്ങളും റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് തമിഴ്നാട്ടിൽ നിന്നു പച്ചക്കറിയുമായി വരികയായിരുന്ന ലോറി ബസിന് പിന്നിൽ ഇടിച്ചുകയറി. പട്ടണക്കാട് പൊലീസ് കേസെടുത്തു.