ഹെൽമെറ്റ് ധരിക്കാത്തവരെ കാമറ കുടുക്കും
ആലപ്പുഴ: ഹെൽമെറ്റ് ധരിക്കാതെ ഒളിച്ചുംപാത്തും ബൈക്കിൽ പാഞ്ഞു നടന്ന ശേഷം രക്ഷപ്പെട്ടെന്ന വിശ്വാസത്തോടെ വീട്ടിലെത്തി വിശ്രമിക്കാൻ വരട്ടെ, കാമറക്കണ്ണുകളിൽ കുടുങ്ങിയിട്ടുണ്ടെങ്കിൽ നോട്ടീസ് പിന്നാലെ വീട്ടിലെത്തും. ഒറ്റയ്ക്കാണെങ്കിൽ അഞ്ഞൂറ് സ്വാഹ. ഒപ്പം ആളുണ്ടായിരുന്നെങ്കിൽ ആയിരവും!
ചിത്രം സഹിതമുള്ള നോട്ടീസിൽ ഇങ്ങനെയാവും അറിയിപ്പ്:- 'താങ്കളുടെ ഉടമസ്ഥതയിൽ മേൽ സൂചിപ്പിച്ച മോട്ടോർ സൈക്കിളിൽ കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 129ന് വിരുദ്ധമായി ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് കേന്ദ്ര മോട്ടോർ വാഹന നിയമം വകുപ്പ് 194 ഡി പ്രകാരം ശിക്ഷാർഹമാണ്. ആയതിനാൽ പിഴത്തുക 500 രൂപ (ഒരാൾ മാത്രമെങ്കിൽ) അടയ്ക്കാനും അന്നേദിവസം വാഹനമോടിച്ച ഡ്രൈവറെ ഡ്രൈവിംഗ് ലൈസൻസ് സഹിതം ആർ.ടി ഓഫീസിൽ (നിയമ ലംഘനം കണ്ടെത്തിയ പരിധിയിലുള്ള ഓഫീസ്) ഏഴു ദിവസത്തിനകം ഹാജരാക്കാനും വിശദീകരണം എഴുതി നൽകാനും നിർദ്ദേശിക്കുന്നു. അല്ലാത്തപക്ഷം ഇനിയൊരു അറിയിപ്പ് കൂടാതെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതാണ്...
ജില്ലയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 664 പേരാണ് പിൻസീറ്റ് യാത്രയിൽ ഹെൽമെറ്റ് ധരിക്കാതിരുന്നതിന് പിടിയിലായത്. നിരത്തിലെ കാമറകൾ കൂടി പ്രവർത്തിച്ചിരുന്നെങ്കിൽ നിയമ ലംഘകരുടെ എണ്ണം ഇതിന്റെ ഇരട്ടിയോളമെങ്കിലും ആകുമായിരുന്നു. ഉദ്യോഗസ്ഥർ സ്വന്തം കാമറകളിൽ പകർത്തിയതും ഇ- മെയിൽ, വാട്ട്സാപ്പ് വഴി പൊതുജനങ്ങൾ അയച്ചുകൊടുത്തതുമായ ചിത്രങ്ങളിൽ നിന്നാണ് ഹെൽമെറ്റ് നിയമലംഘകരെ കൂടുതലായി കുടുക്കുന്നത്. ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കാമറകൾ ഭൂരിഭാഗവും മിഴിയടച്ച നിലയിലാണ്.
സുപ്രീം കോടതി നിയമിച്ച റോഡ് സുരക്ഷ കമ്മിറ്റിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കർശനമാക്കുന്നത്.
......................................
₹ 3.32 ലക്ഷം: കഴിഞ്ഞ ഒന്നു മുതൽ 23 വരെ ഹെൽമെറ്റ് പിഴയായി ലഭിച്ചത്
......................................
'പിൻസീറ്റ് യാത്രയിലും ഹെൽമെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധവത്കരണം തുടരുകയാണ്. പിഴയും ഈടാക്കുന്നുണ്ട്. കാമറക്കണ്ണുകൾ വഴി ഇത്തരക്കാരെ കുടുക്കുന്നത് ഊർജ്ജിതമാക്കും'
(ആർ.ടി.ഒ അധികൃതർ)