ആലപ്പുഴ: കച്ചവടത്തിന്റെ മർമ്മം വിശ്വാസമാണെന്നും സമൂഹത്തിൽ നിന്ന് അത് നേടിയാൽ മാത്രമേ വ്യവസായം നിലനിറുത്താൻ സാധിക്കുകയുള്ളുവെന്നും മിസോറം ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംയുക്ത ജില്ലാ കൗൺസിൽ യോഗം നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മറ്റുള്ളവരുടെ വിശ്വാസം നേടിയെടുക്കുന്നതു കൊണ്ടാണ് എൽ.ഡി.എഫ്- യു.ഡി.എഫ് സർക്കാരുകൾ 12 കേസുകളിൽ എന്നെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആക്കിയത്. സമൂഹത്തിന്റെ വിശ്വാസം നേടിയെടുക്കാൻ വ്യാപാരികൾക്കു കഴിയണം. എനിക്ക് ഇന്നുള്ള മേൽവിലാസത്തിൽ വ്യാപാരി സംഘടനയെ കൂടി ചേർക്കേണ്ടതായിട്ടുണ്ട്. പിതാവും മറ്റ് കുടുംബാംഗങ്ങളും വ്യാപാരമേഖലയിലെ സജീവ അംഗങ്ങളാണ്. ഞാൻ അഭിഭാഷകൻ, രാഷ്ട്രീയക്കാരൻ, ഇപ്പോൾ ഗവർണർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഗവർണർ ആയശേഷം സ്വീകരണ പരിപാടികൾ പൂർണ്ണമായും ഒഴിവാക്കിയിരുന്നു. വ്യാപാര കുടുംബത്തിലെ അഗമായതിനാൽ ഈ സ്വീകരണം എന്റെ കുടുംബത്തിന്റെ സ്വീകരണമായി കരുതുന്നു'- ശ്രീധരൻ പിള്ള പറഞ്ഞു.

മാലയും കിരീടവും ഓടിൽ നിർമ്മിച്ച ശ്രീകൃഷ്ണ വിഗ്രഹവും നൽകിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സമിതി സംസ്ഥാന പ്രസിഡന്റ് ‌ടി. നസിറുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജു അപ്സര അദ്ധ്യക്ഷത വഹിച്ചു. വ്യാപാരികൾക്കുള്ള 50 ലക്ഷം രൂപയുടെ കൈത്താങ്ങ് പദ്ധതി ഉദ്ഘാടനം സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ എം.കെ.തോമസ് കുട്ടി, എസ്.ദേവരാജൻ, പി.സി.ജേക്കബ്, കെ. സേതുമാധവൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.സബിൽരാജ് സ്വാഗതവും ട്രഷറർ ജേക്കബ് ജോൺ നന്ദിയും പറഞ്ഞു.

 സമരക്കാരെ പിടികൂടി

ശ്രീധരൻപിള്ളയെ കരിങ്കൊടി കാട്ടാനെത്തിയ ഫെൽഫയർ പാർട്ടി യുവജന വിഭാഗം പ്രവർത്തകരെ സൗത്ത് സി.ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ കാർമ്മൽ ഹാളിൽ എത്തിയ ഗവർണർ പരിപാടിക്കു ശേഷം പുറത്തേക്ക് വരുമ്പോൾ കരിങ്കൊടി കാട്ടി പ്രതിഷേധിക്കാൻ പ്രവർത്തകർ പഴവങ്ങാടിയിലെ വിവിധ കടത്തിണ്ണകൾ കേന്ദ്രീകരിച്ച് ഇരിപ്പുണ്ടായിന്നു. ഇതിൽ ഒരാളുടെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കൊടി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ബാക്കിയുള്ള 12 പേർ കൂടി പിടിയിലായത്. സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി കേസെടുത്ത ശേഷം വിട്ടയച്ചു.