jibin

ആലപ്പുഴ: പൂക്കൾക്കിടയിലൂടെ നടന്ന് സാദ്ധ്യതകളുടെ പൂക്കളം സൃഷ്ടിച്ച കുത്തിയതോട് സ്വദേശി ജിബിൻ വില്യംസ് ജില്ലയുടെ അഭിമാനമാവുന്നു. പൂക്കൾ ഉപയോഗിച്ചുള്ള ഉത്പന്നങ്ങളുടെ നിർമ്മിതിയിൽ മിടുക്കനായ ജിബിൻ കഴിഞ്ഞ വർഷം റഷ്യയിൽ നടന്ന മത്സരത്തിൽ പങ്കെടുത്ത് മികവ് തെളിയിച്ചിരുന്നു.

ഇന്ത്യയിൽ നിന്നുള്ള 40 പേരിൽ ഫ്‌ളോറിസ്ട്രി വിഭാഗത്തിൽ ജിബിൻ മാത്രമാണുണ്ടായിരുന്നത്. വിവാഹം കഴിഞ്ഞിറങ്ങുമ്പോൾ നവവധു കൈകളിലേന്തുന്ന അതിമനോഹരമായ ബ്രൈഡൽ ബൊക്കെയാണ് ജിബിന്റെ സ്‌പെഷ്യാലിറ്റി. സംസ്ഥാന തൊഴിൽ നൈപുണ്യ വികസന വകുപ്പിനു കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പും കെയ്‌സും സംഘടിപ്പിക്കുന്ന സ്‌കിൽ കേരള മത്സരങ്ങളിലൂടെയാണ് ജിബിൻ റഷ്യയിൽ നടന്ന ലോക നൈപുണ്യ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയത്. തുറവൂർ ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡ് പഠിച്ച് ഇപ്പോൾ എറണാകുളം നെട്ടൂരിൽ സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് ഏജൻസിയിൽ ജോലിചെയ്യുന്ന ജിബിൻ വില്യംസ് യാദൃശ്ചികമായാണ് മത്സരത്തിൽ പങ്കെടുത്തതും വിജയവഴിയിലെത്തിയതും. കൽപ്പണിക്കാരനായ വില്യംസിന്റെയും ജെസിയുടെയും രണ്ടു മക്കളിൽ ഇളയവനാണ് ജിബിൻ. ജിലുവാണ് സഹോദരൻ.

ഇൗ വർഷത്തെ ജില്ലാതല മത്സരങ്ങൾ ജനുവരി 15 മുതൽ 20 വരെ നടക്കും. അവസാനവട്ട വിജയികൾക്ക് ചൈനയിലെ ഷാങ്ഹായിൽ നടക്കുന്ന വേൾഡ് സ്‌കിൽസ് മേളയിലും പങ്കെടുക്കാം. ഏകജാലക സംവിധാനം വഴി ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് indiaskillskerala.com. ഫോൺ: 9496327045.