തുറവൂർ : വിക്രം സാരാഭായ് സ്‌പേസ് സെന്റർ ഡയറക്ടർ എസ്.സോമനാഥ് (54) ഐ.എസ്.ആർ.ഒ.യുടെ പുതിയ മേധാവിയായേക്കുമെന്ന വിവരം അദ്ദേഹത്തിന്റെ ജന്മനാടായ തുറവൂർ ഗ്രാമം സന്തോഷത്തോടെയാണ് എതിരേറ്റത്.
തുറവൂർ പഞ്ചായത്ത് എട്ടാം വാർഡ് വളമംഗലം വേടാംപറമ്പിൽ പരേതരായ ശ്രീധരപ്പണിക്കർ- തങ്കമ്മ ദമ്പതികളുടെ എക പുത്രനാണ് സോമനാഥ് . കുടുംംബവീട് തുറവൂരാണെങ്കിലും സോമനാഥിന്റെ പ്രാഥമിക വിദ്യാഭ്യാസം അരൂർ സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിലായിരുന്നു. തൃശൂർ വളപട്ടണത്ത് സ്‌കൂൾ അദ്ധ്യാപകനായിരുന്ന ശ്രീധരപ്പണിക്കർ നാട്ടിൽ ഇല്ലാതിരുന്നതിനാൽ അമ്മ തങ്കമ്മയുടെ അരൂരിലെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. പിന്നീട് വി.എസ്.എസ്.സിയിൽ ജോലി കിട്ടിയതോടെ സോമനാഥ് താമസം തിരുവനന്തപുരത്തേക്ക് മാറ്റി.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ശ്രീധരപ്പണിക്കരെയും തങ്കമ്മയേയും എട്ടു വർഷം മുൻപ് തുറവൂർ വളമംഗലത്തെ കുടുംബവീട്ടിൽ നിന്ന് തിരുവനന്തപുരം പേരൂർക്കട അമ്പലമുക്കിലെ തന്റെ വീട്ടിലേക്ക് സോമനാഥ് കൊണ്ടുപോയിരുന്നു. ഇവിടെ വച്ചാണ് ഇരുവരും മരിച്ചത്.
താമസിക്കാനാരുമില്ലാതായതോടെ തുറവൂരിലെ കുടുംബവീട് അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് സോമനാഥ് അവസാനമായി നാട്ടിലെത്തിയത്. പിതാവ് ശ്രീധരപ്പണിക്കരുടെ സഹോദരി സരസ്വതിയമ്മയുടെ ചമരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായിരുന്നു ഈ വരവ്. ഏതാനും മാസങ്ങൾക്ക് മുമ്പ്, വീടിന് തൊട്ടടുത്തുള്ള ചൂർണ്ണിമംഗലം ഗവ.എൽ.പി.സ്‌കൂളിലെ കുരുന്നുകൾക്കൊപ്പം ഒരു ചടങ്ങിലും പങ്കെടുത്തിരുന്നു. സരസ്വതിയമ്മയുടെ മകൾ റിട്ട. ഹെഡ്മിസ്ട്രസ് ചന്ദ്രികാ ദേവിയും ഭർത്താവ് റിട്ട. കെ.എസ്.ആർ.ടി.സി എ.ടി.ഒ കെ.ജി.ഉണ്ണിക്കൃഷ്ണനുമാണ് കുടുംബവീടിന്റെ മേൽനോട്ടം.
ഉന്നത പദവിയിലാണെങ്കിലും തനി നാട്ടിൻ പുറത്തുകാരനായി ലളിത ജീവിതമാണ് സോമനാഥ് നയിക്കുന്നതെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ചെറുപ്പം തൊട്ട് പഠനത്തിൽ ഉന്നത നിലവാരം പുലർത്തിയ സോമനാഥ്, ശാസ്‌ല്രോകത്ത് ഉന്നത ശ്രേണിയിലെത്തിയത് കഠിനാദ്ധ്വാനത്തിലൂടെയാണ്. ആരോടും അടുത്തിടപഴകുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്. പൂച്ചാക്കൽ സ്വദേശിയായ വത്സലയാണ് ഭാര്യ.