വേണ്ടപോലെ പഠിപ്പിച്ചില്ലെന്നു പറഞ്ഞ് വൃദ്ധ ദമ്പതികൾക്ക് മകന്റെ മർദ്ദനം
ചാരുംമൂട്: മെച്ചപ്പെട്ട രീതിയിൽ പഠിപ്പിക്കാതിരുന്നതിനാൽ പട്ടാളക്കാരനാവേണ്ടി വന്നതിന്റെ 'അരിശം' റിട്ട. സുബേദാർ മേജറായ മകൻ തീർത്തത് വൃദ്ധ മാതാപിതാക്കളുടെ ദുർബല ദേഹത്ത്. 'ഡോക്ടറോ, എൻജിനീയറോ ആകേണ്ടിയിരുന്ന ഞാൻ പട്ടാളക്കാരനായതിനു കാരണം നിങ്ങളാണ്' എന്നു ആക്രോശിച്ചു കൊണ്ടാണ് മകൻ തല്ലിയതെന്നു ആ അമ്മ പറഞ്ഞപ്പോൾ അത് മാതൃഹൃദയത്തിന്റെ നീറ്റലായി.
ചുനക്കര നടുവിലേമുറി ശ്രീനിലയത്തിൽ രാഘവൻപിള്ള (82), ഭവാനിയമ്മ (80) എന്നിവർക്കാണ് മൂത്ത മകൻ ബാലകൃഷ്ണൻ നായരിൽ (63) നിന്ന് കൊടും ക്രൂരത ഏൽക്കെട്ടി വന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
രണ്ട് ആണും ഒരു പെണ്ണുമാണ് ദമ്പതികളുടെ സമ്പാദ്യം. വളരെ കഷ്ടപ്പെട്ടാണ് മൂവരെയും പഠിപ്പിച്ചത്. മൂത്ത മകനാണ് ബാലകൃഷ്ണൻ നായർ. ഇയാൾ കുടുംബസമേതം കൊല്ലത്താണ് താമസം. മക്കൾ തിരിഞ്ഞു നോക്കാത്തതിനാൽ ദമ്പതികൾ തനിച്ചാണ് കഴിഞ്ഞിരുന്നത്. ആശാ വർക്കർമാരായ പുഷ്പവല്ലിയുയും പഞ്ചായത്തംഗം രവിയുമാണ് കഴിഞ്ഞ ആറുമാസമായി ഇവർക്കാശ്യമായ ഭക്ഷണവും മരുന്നും എത്തിച്ചുകൊണ്ടിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഗോപാലകൃഷ്ണൻ അടക്കമുള്ള ജനപ്രതിനിധികളും നാട്ടുകാരും ഇവരുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കാൻ മക്കളോട് ആവശ്യപ്പെട്ടിട്ടും ഗൗനിച്ചില്ല. ഇതിനിടെയാണ് ബാലകൃഷ്ണൻ നായർ വീട്ടിലെത്തി ഇവരെ മർദ്ദിച്ചിട്ടു കടന്നത്.
ആശാ വർക്കർമാരോട് ഇന്നലെയാണ് ദമ്പതികൾ വിവരം പറഞ്ഞത്. ഇവർ അറിയിച്ചതിനെത്തുടർന്ന് ജനമൈത്രി പൊലീസുകാരായ ശരത്, അനീഷ്, രഞ്ജിത്ത് എന്നിവർ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. നൂറനാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.ബിജുവിന്റെയും എസ്.ഐ ഐ റെജൂബ് ഖാന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ഇവരുടെ സംരക്ഷണച്ചുമതല ഏറ്റെടുത്തു. അധികം അകലെയല്ലാതെ താമസിക്കുന്ന മകളെ വിളിച്ചു വരുത്തിയ പൊലീസ് മാതാപിതാക്കളുടെ കാര്യങ്ങൾ തത്കാലത്തേക്കു ചെയ്തു കൊടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ബാലകൃഷ്ണൻ നായരെ ഇന്നു കോടതിയിൽ ഹാജരാക്കും