ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയും കലശവും ഇന്ന് നടക്കും. ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വൈകിട്ട് മൂന്നിന് ചക്കുളത്തമ്മയ്ക്ക് ചാർത്താനുള്ള തങ്കതിരുവാഭരണം കാവുംഭാഗം തിരു​ഏറങ്കാവ് ഭഗവതിക്ഷേത്രത്തിൽ നിന്ന് താലപ്പൊലി, വാദ്യമേളങ്ങൾ, മുത്തുക്കുടകൾ, നിരവധി ഫ്‌​ളോട്ടുകൾ, നിശ്ചല ദൃശ്യങ്ങൾ, കെട്ടുകാഴ്ചകൾ എന്നിവയുടെ അകമ്പടിയോടെ ചക്കുളത്തുകാവിലേക്ക് എഴുന്നള്ളിക്കും. അമൂല്യമായ രത്‌​നങ്ങൾ പതിച്ച എട്ടു തൃക്കൈകളും, കിരീടവും മനോഹരമായി രൂപകല്പന ചെയ്തിരിക്കുന്ന ദേവിയുടെ തിരുവാഭരണം ശിൽപ്പ സൗന്ദര്യത്തിന്റെ വിസ്മയ രൂപമാണ്. ഘോഷയാത്ര കാവുംഭാഗം, മണിപ്പുഴ, പൊടിയാടി, നെടുംമ്പ്രം വഴി ക്ഷേത്രത്തിലെത്തുമ്പോൾ പുത്തൻകാവ് ദേവീ ക്ഷേത്രത്തിൽ നിന്നു കാവടി വിളക്ക്, ചക്കുളത്തുകാവ് ജംഗ്ഷനിൽ ആയിരങ്ങൾ പങ്കെടുക്കുന്ന താലപ്പൊലി എന്നിവ ഘോഷയാത്രയോടൊപ്പം അണിചേരും. തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തിലെത്തിയാലുടൻ രാത്രി 9.30​ന് തിരുവാഭരണം ചാർത്തി സർവമംഗള ആരതി നടക്കും.
ക്ഷേത്രം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, തന്ത്രി ഒളശ മംഗലത്ത് ഗോവിന്ദൻ നമ്പുതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, അശോകൻ നമ്പൂതിരി, രജ്ഞിത്ത് ബി. നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. ഘോഷയാത്രയ്ക്ക് മുന്നോടിയായി രാവിലെ എട്ടിന് എഴുന്നള്ളത്ത്, പത്തിന് കലശാഭിഷേകം എന്നിവ നടക്കും. വൈകിട്ട് ആറിന് കാവടിവളക്ക്, ഏഴിന് തിരുവാതിര . തിരുവാഭരണ ഘോഷയാത്രയ്ക്ക് അഡ്മനിസ്‌​ട്രേറ്റർ അഡ്വ. കെ.കെ. ഗോപാലകൃഷ്ണൻ നായർ ഹരിക്കുട്ടൻ നമ്പൂതിരി, ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, ഉത്സവ കമ്മറ്റി പ്രസിഡന്റ് കെ. സതീഷ് കുമാർ, സെക്രട്ടറി സന്തോഷ് ഗോകുലം എന്നിവർ നേതൃത്വം നൽകും.
പന്ത്രണ്ട് നോയമ്പ് മഹോത്സവ സമാപനദിനമായ നാളെ രാവിലെ ഒൻപത് മുതൽ ആനപ്രമ്പാൽ ശ്രീധർമ്മശാസ്ത ക്ഷേത്രത്തിൽ നിന്നും കാവടി കരകം, മുത്താരമ്മൻ കോവിലിൽ നിന്നും എണ്ണക്കുടം വരവ്. ഉച്ചയ്ക്ക് ഒന്നിന് ക്ഷേത്രമുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, ഒളശ്ശമംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ ചക്കരക്കുളത്തിൽ ആറാട്ടും, കൊടിയിറക്കും, മഞ്ഞനീരാട്ടും.ഡോ. പള്ളിക്കൽ സുനിലിന്റെ നേതൃത്വത്തിൽ നടന്നുവന്ന ദേവീഭാഗവത നവാഹയജ്ഞം ചക്കരക്കുളത്തിലെ അവഭൃഥസ്‌​നാനത്തോടെ സമാപിച്ചു.


ചക്കുളത്തമ്മയുടെ പഞ്ചലോഹ

വിഗ്രഹംഇന്ന് സമർപ്പിക്കും.


ചക്കുളത്തമ്മയുടെ പഞ്ചലോഹവിഗ്രഹം വഴിപാടായി ഇന്ന് ക്ഷേത്രത്തിൽ സമർപ്പിക്കും. തമിഴ്‌​നാട് സ്വദേശി വജ്രവേലാണ് പത്ത് അടി ഉയരമുള്ള പഞ്ചലോഹ വിഗ്രഹം സമർപ്പിക്കുന്നത്. സിംഹത്തിന് മുകളിൽ പീഠത്തിൽ ചക്കുളത്തമ്മ ഇരിക്കുന്ന രീതിയിലാണ് നിർമ്മാണം. ലക്ഷങ്ങൾ വിലമതിക്കുന്ന വിഗ്രഹം ഇന്നലെ ഉച്ചയോടെ ക്ഷേത്രത്തിൽ എത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് 11​ന് ക്ഷേത്രം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവർ ചേർന്ന് വിഗ്രഹം ഏറ്റുവാങ്ങും. കുംഭകോണം രാംകുമാറിന്റെ നേതൃത്വത്തിലാണ് വിഗ്രഹത്തിന്റെ പണി പൂർത്തിയാക്കിയത്.

ഫോട്ടോ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിക്കുന്ന ചക്കുളത്തമ്മയുടെ പഞ്ചലോഹം