റോഡിലെ കാമറക്കണ്ണുകൾ മിഴിയടച്ചു
ആലപ്പുഴ: അമിത വേഗക്കാരെ കുടുക്കാൻ റോഡ് സുരക്ഷ അതോറിട്ടിയുടെ നിർദ്ദേശ പ്രകാരം മോട്ടോർ വാഹന വകുപ്പ് ദേശീയപാതയോരത്ത് സ്ഥാപിച്ച ഹൈ ഡിറ്റക്ഷൻ കാമറകൾ കണ്ണടച്ചു. ഇതോടെ അപകടങ്ങളോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടാവുമ്പോൾ പൊലീസിന്റെ തെളിവ് ശേഖരണം മുടങ്ങുന്നു. കാമറകൾ പ്രവർത്തനരഹിതമായിട്ട് മാസങ്ങളായെങ്കിലും പരിഹാര നടപടികൾ ഒന്നുമില്ല.
അപകട സാദ്ധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അമ്പലപ്പുഴയിൽ മാത്രം 27 ലക്ഷം മുടക്കി സ്ഥാപിച്ച 11 കാമറകളിൽ അഞ്ചെണ്ണം പ്രവർത്തിക്കുന്നില്ല. ഇതിൽ 2 എണ്ണം 360 ഡിഗ്രിയിൽ തിരിഞ്ഞ് ദൃശ്യങ്ങൾ എടുക്കുന്നവയായിരുന്നു. കാക്കാഴം പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന കാമറയിൽ രാത്രി ദൃശ്യങ്ങൾ വ്യക്തമായി പതിയുന്നില്ല. ചിലപ്പോൾ പകൽ പോലും കാമറകൊണ്ട് പ്രയോജനം കിട്ടുന്നില്ലെന്ന് ട്രാഫിക് പൊലീസ് പറയുന്നു. അപകടങ്ങൾ കൂടുതലായി നടക്കുന്ന സ്ഥലങ്ങളിലാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. കാലപ്പഴക്കം മൂലം കാമറകൾ തകരാറിലായതിനു പിന്നാലെ വാഹനങ്ങൾ ഇടിച്ചു തകർത്തവയും ഏറെ.
....................................
# കാമറകൾ കഥ പറയുന്നു
എ-സി റോഡിലെ അഞ്ചു കാമറകളിൽ ഒന്നു പോലും പ്രവർത്തിക്കുന്നില്ല
കലവൂർ കയർ ബോർഡിനു സമീപമുള്ള കാമറ തുരുമ്പെടുത്ത നിലയിൽ
കരുവാറ്റ എൻ.എസ്.എസ് ഹൈസ്കൂളിനു തെക്കുവശത്തെ കാമറ നോക്കുകുത്തി
അരൂർ- ചേർത്തല ഭാഗത്തെ 13 കാമറകളിൽ 10ഉം പ്രവർത്തിക്കുന്നില്ല
മുല്ലയ്ക്കൽ തെരുവിലുള്ള 23 കാമറകളിൽ പ്രവർത്തിക്കുന്നത് ഏഴെണ്ണം
ഇവയ്ക്കു വേണ്ടി 7.40 ലക്ഷം ചെലവഴിച്ചത് വ്യാപാരികൾ
സിവിൽ സ്റ്റേഷനിലും സക്കറിയ ബസാറിലും പൊലീസ് സ്ഥാപിച്ചവയും നശിച്ചു
എ-എസ് കനാലിൽ മാലിന്യം തള്ളുന്നത് പിടികൂടാൻ സ്ഥാപിച്ച കാമറകളും സ്വാഹ
ചേർത്തല ഒറ്റപ്പുന്നയിൽ റോഡ് സുരക്ഷാ അതോറിട്ടി വക കാമറ പ്രവർത്തിക്കുന്നില്ല
........................................
# പറപറക്കുന്ന തെളിവുകൾ
അപകടമുണ്ടാക്കുന്ന വാഹനങ്ങൾ നിറുത്താതെ പോയാൽ പോയതുതന്നെ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കാമറകൾ കൃത്യമായി പ്രവർത്തിച്ചിരുന്നെങ്കിൽ തൊട്ടടുത്ത കാമറ പോയിന്റിലൂടെ ഈ വാഹനം കടന്നുപോകുന്നത് കണ്ടെത്താൻ കഴിയുമായിരുന്നു. നിലവിലെ അവസ്ഥയിൽ വാഹനങ്ങൾ തിരിച്ചറിയാൻ അരൂർ ടോൾ പ്ളാസയിലോ മറ്റോ അന്വേഷിക്കേണ്ട ഗതികേടാണ്.
......................................
'മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായാണ് കാമറകൾ സ്ഥാപിക്കുന്നത്. പ്രവർത്തിക്കാത്ത കാമറകളുടെ അറ്റകുറ്റപ്പണി അടിയന്തിരമായി നടത്തിയാൽ മാത്രമേ നിയമലംഘകരെ കൂടുതലായി കുടുക്കാൻ കഴിയൂ'
(ഷിബു കെ.ഇട്ടി, ആർ.ടി.ഒ, ആലപ്പുഴ)