ആലപ്പുഴ: ഭൂപരിഷ്കരണ നിയമത്തിന്റെ സുവർണജൂബലി ആഘോഷത്തിന്റെ ഭാഗമായി സി.പി.ഐയുടെ നേതൃത്വത്തിൽ ജനുവരി ഒന്നിന് ജില്ലയിൽ 100 കേന്ദ്രങ്ങളിൽ ഇരുചക്രവാഹന റാലി നടത്തുമെന്നും 1000കേന്ദ്രങ്ങളിൽ പതാക ഉയർത്തുമെന്നും ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ സ്വതന്ത്ര്യസമര സേനാനി പി.കെ.മേദിനി പതാക ഉയർത്തും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.പുരുഷോത്തമൻ, പി.പ്രസാദ് എന്നിവർ സംസാരിക്കും 5ന് അമ്പനാകുളങ്ങരയിൽ നടക്കുന്ന സമ്മേളനം സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. 3ന് ജില്ലയിലെ 13കേന്ദ്രങ്ങളിൽ പ്രതിഷേധ സദസുകൾ സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ അസി.സെക്രട്ടറിമാരായ പി.വി.സത്യനേശൻ, ജി.കൃഷ്ണപ്രസാദ് എന്നിവരും പങ്കെടുത്തു.