prison

ആലപ്പുഴ: ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് പത്തു മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ വിഷം നൽകി കൊലപ്പടുത്തുകയും, ആത്മഹത്യയ്ക്കു ശ്രമിക്കുകയും അമ്മയ്ക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. കറ്റാനം ഭരണിക്കാവ് ഇളപ്രാവിൽ വീട്ടിൽ ദീപയ്ക്കാണ് (32) ആലപ്പുഴ അഡിഷണൽ സെഷൻസ് ജഡ്ജി ടി.കെ.രമേഷ്‌കുമാർ ശിക്ഷ വിധിച്ചത്. തുക അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവിൽ കഴിയണം.2011 ജനുവരി 19നാണ് സംഭവം. കേൾവിശക്തിയില്ലാത്ത മകൻ ഹരിനന്ദന് വിഷം നൽകിയ ശേഷം ദീപ കറ്റാനത്തെ കുടുംബവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇരുവരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.പന്തളം കുളനട സ്വദേശിയും സൈനികനുമായ ഭർത്താവ് പ്രകാശിന്റെ പരാതിയെത്തുടർന്നാണ് കുറത്തികാട് പൊലീസ് കേസെടുത്തത്. ഭർത്താവിന്റെ സഹോദരിമാരാണ് കുഞ്ഞിന് വിഷം നൽകിയതെന്നായിരുന്നു ദീപ കോടതിയിൽ പറഞ്ഞത്. എന്നാൽ സംഭവം നടന്നത് ദീപയുടെ വീട്ടിലായിരുന്നതിനാൽ കളവാണ് പറയുന്നതെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്താൻ പ്രോസിക്യൂഷനു കഴിഞ്ഞു.വീട്ടിലെ ലാൻഡ് ഫോൺ ബില്ല് ക്രമാതീതമായതോടെ പ്രകാശ് വിശദമായ കോൾ ലിസ്റ്റ് എടുത്തപ്പോൾ ഒരു നമ്പരിലേക്ക് നിരന്തരം വിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതോടെ കലഹമായി. വിവരം ദീപയുടെ വീട്ടുകാരെ അറിയിച്ചതോടെ അവരെത്തി കൂട്ടിക്കൊണ്ടുപോയി. അന്നു രാത്രിയിലായിരുന്നു ആത്മഹത്യാശ്രമം.