നഗരസഭയെ അവഗണിച്ചെന്ന് ആക്ഷേപം
ആലപ്പുഴ: നഗരസഭയും ഡി.ടി.പി.സിയും തുറമുഖ വകുപ്പും തമ്മിലുള്ള തർക്കങ്ങൾക്കിടെ നാലു ദിവസം നീണ്ടു നിൽക്കുന്ന ബീച്ച് ഫെസ്റ്റ്-2019ന് ആലപ്പുഴ ബീച്ചിൽ ഇന്ന് തുടക്കമാവും.
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ ഭരണകൂടവും ചേർന്നാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. അംഗീകാരം നഗരസഭയ്ക്ക് നൽകിയില്ലെന്നാണ് അവരുടെ പരാതി. കെ.സി. വേണുഗോപാൽ ടൂറിസം മന്ത്രിയായിരുന്ന കാലത്താണ് ബീച്ച് ഫെസ്റ്റിന് തുടക്കം കുറിച്ചത്. അന്ന് നഗരസഭ ഭരിച്ചിരുന്നത് ഇടതുമുന്നണിയായിരുന്നു. ഡി.ടി.പി.സിയും നഗരസഭയും സംയുക്തമായിട്ടാണ് ഫെസ്റ്റ് നടത്തിയത്. നഗരസഭ ചെയർമാനായിരുന്നു പ്രോഗ്രാം കമ്മിറ്റി ചെയർമാൻ. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി നഗരഭസയെ ഒഴിവാക്കി ഡി.ടി.പി.സി തന്നെ പരിപാടികൾ തീരുമാനിച്ച് നഗരസഭയെ അതിഥിയാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് യു.ഡി.എഫ്, എൽ.ഡി.എഫ് കൗൺസിലർമാർ ആരോപിക്കുന്നു. ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് ഇവരുടെ വാദം.
എന്നാൽ നഗരസഭയ്ക്ക് മതിയായ പരിഗണന നൽകിയാണ് ഫെസ്റ്റ് സംഘടിപ്പിച്ചതെന്ന് ഡി.ടി.പി.സി വ്യക്തമാക്കി. ദുരന്ത നിവരാണ അതോറിട്ടിയുടെ മുന്നറിയിപ്പുള്ള സ്ഥലത്ത്, ഫെസ്റ്റിന്റെ ഭാഗമായി നഗരസഭയുടെ അനുമതി വാങ്ങാതെ അണ്ടർ വാട്ടർ ടണൽ എക്സ്പോയ്ക്ക് വേണ്ടി നിർമ്മാണം നടത്തിയത് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഘാടകർ കോടതിയെ സമീപിച്ചാണ് അനുമതി വാങ്ങിയത്.
ഉദ്ഘാടനം വൈകിട്ട് ഏഴിന്
ആലപ്പുഴ: ബീച്ച് ഫെസ്റ്റ് ഇന്നു വൈകിട്ട് 7ന് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ മുഖ്യാതിഥിയായിരിക്കും. 31ന് നടക്കുന്ന കേക്ക് ഫെസ്റ്റ് നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്യും.
അണ്ടർ വാട്ടർ ടണൽ എക്സ്പോ
ആലപ്പുഴ: കടലിനടിയിലെ നേർക്കാഴ്ചയൊരുക്കുന്ന ഓഷ്യാനോസ് അണ്ടർ വാട്ടർ ടണൽ എക്സ്പോയ്ക്ക് ആലപ്പുഴ ബീച്ചിൽ തുടക്കമായി. നീൽ എന്റർടെയിന്റ്മെന്റ് ആണ് ആലപ്പുഴയിൽ ആദ്യമായി ഇത്തരമൊരു പ്രദർശനം നടത്തുന്നത്. അന്തർദേശീയ നിലവാരത്തിലുള്ള പ്രദർശനമാണെന്ന് എം.ഡി നിമിൽ, ഓപ്പറേഷൻസ് മേധാവി ആർച്ച ഉണ്ണി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആമസോണിൽ മാത്രം കാണുന്ന അരപൈമ, പിന്നോട്ട് സഞ്ചരിക്കുന്ന അബാബ, ചീങ്കണ്ണി രൂപത്തിലുള്ള അലിഗേറ്റർ, കുട്ടികളെ പോലെ കരയുന്ന റെഡ് ക്വാറ്റ് ഫിഷ് തുടങ്ങി പുതിയ ഇനം മത്സ്യങ്ങളുടെ ശേഖരമുണ്ട്. 200 അടി നീളത്തിലാണ് അക്വേറിയം നിർമ്മിച്ചിരിക്കുന്നത്. ജനുവരി 19 വരെ നീളുന്ന പ്രദർശനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.