തടവുകാർക്കായി കൃഷിയും നാടകവും സംയോജിപ്പിക്കുന്നു
ആലപ്പുഴ: തടവറക്കാലത്ത് കുറ്റവാളികളുടെ മനസ് മാറ്റാൻ കൃഷിയും നാടകവും. ഭാരത് ഭവൻ ഡയറക്ടറും പ്രമുഖ നാടകകാരനുമായ പ്രമോദ് പയ്യന്നൂരിന്റേതാണ് 'തീയട്രം ഫാർമെ' എന്നു പേരിട്ടിരിക്കുന്ന ഈ ആശയം. അടുത്ത മാസം തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് പരീക്ഷണം. വിജയിച്ചാൽ മറ്റു ജയിലുകളിലും നടപ്പാക്കും.
കുറ്റവാളികളെ പടിയടച്ച് പിണ്ഡം വയ്ക്കുന്ന പ്രാകൃത സംസ്കാരത്തിൽ നിന്ന് വഴി മാറി ചിന്തിക്കുകയാണ് പ്രമോദ്. തടവറയിൽ കഴിയുന്നവരെ കൃഷിയിടങ്ങളുമായി കൂട്ടിയിണക്കുക, മനസിൽ ഉറങ്ങിക്കിടക്കുന്ന കലാ പ്രവർത്തനങ്ങളിലേക്ക് അവരെ കൂട്ടിക്കൊണ്ട് പോവുക, അതിലൂടെ സ്വയം തിരുത്തൽ എന്ന ലക്ഷ്യം നേടിയെടുക്കുക... ഇവയാണ് ആശയത്തിന്റെ കാതൽ.
പ്രമുഖ റഷ്യൻ നോവലിസ്റ്റ് ഫിയോദർ ദസ്തേവ്സ്കിയുടെ 'കുറ്റവും ശിക്ഷയും' എന്ന വിഖ്യാത നോവലാണ് തീയട്രം ഫാർമെയ്ക്ക് ആധാരമാക്കി ആദ്യം അവതരിപ്പിക്കുക. തിരുവനന്തപുരം സെൻട്രൽ ജയിലിന്റെ ഉടമസ്ഥതയിൽ പരീക്ഷാ ഭവന് പിന്നിലുള്ള മൂന്ന് ഏക്കർ കൃഷിയിടത്തിൽ നെൽകൃഷിക്ക് കളമൊരുക്കും. രാവിലെ കൃഷിപ്പണി കഴിഞ്ഞാൽ പകൽ വിശ്രമം. വൈകിട്ട് നാടകാവതരണം. കൃഷിയിറക്കാനുള്ള ചെലവ് ജയിൽ വകുപ്പാവും വഹിക്കുക. ജനുവരി ആറ്, ഏഴ് തീയതികളിലായി പരിപാടി തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
.....................................................
'തടവറയിലെ മുരടിപ്പ് മാറ്റുക, സ്വയം തിരുത്തലിന് അവസരമൊരുക്കുക- ഇതാണ് പദ്ധതിയുടെ ലക്ഷ്യം. വിദേശ രാജ്യങ്ങളിൽ നിലവിലുള്ള സംരംഭമാണിത്. ദസ്തേവ്സ്കിയുടെ ക്രൈം ആൻഡ് പണിഷ്മെന്റ് എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ആദ്യ നാടകരൂപം തയ്യാറാക്കിയിട്ടുള്ളത്'
(പ്രമോദ് പയ്യന്നൂർ)
'തടവുപുള്ളികൾ സമൂഹത്തിൽ നിന്ന് അകറ്റി നിറുത്തേണ്ടവരല്ല. അവരെ സ്വയം തിരുത്തി ജീവിതത്തിന്റെ നേർരേഖയിലേക്ക് കൊണ്ടുവരികയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. എല്ലാ സമയവും തടവുകാരുടെ മനസിനെ ക്രിയാത്മകമായി നില നിറുത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്'
(സന്തോഷ് സുകുമാരൻ, ജയിൽ ഹെഡ് ക്വാർട്ടേഴ്സ് ഡി.ഐ.ജി)