തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രിയുടെ പ്രധാന കവാടത്തിലെ കാനയുടെ മുകളിൽ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് പൈപ്പുകൾക്കിടയിലെ വിടവ് അപകടക്കെണിയായി. ഏതാനും ദിവസം മുൻപ് ആശുപത്രിയിലെത്തിയ കുത്തിയതോട് പഞ്ചായത്ത് പതിമൂന്നാം വാർഡ് തഴുപ്പ് മഠത്തിൽ സിബിക്കുട്ടന്റെ മകൾ നിത (16) അപകടത്തിൽപ്പെട്ടതാണ് അവസാനത്തെ സംഭവം.
പൈപ്പുകൾക്കിടയിൽ നിതയുടെ ഇടതുകാലാണ് കുടുങ്ങിയത്. മുട്ടിന് താഴെ വരെ കാനയിൽ കുടുങ്ങിയതിനെ തുടർന്ന് നാട്ടുകാർ കട്ടിംഗ് യന്ത്രം ഉപയോഗിച്ചു പൈപ്പ് മുറിച്ചു മാറ്റിയാണ് രക്ഷിച്ചത്. മുൻപ് പല തവണ നിരവധി പേർ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ദേശീയപാത വിഭാഗം ആണ് ആശുപത്രിക്ക് മുന്നിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കാന നിർമ്മിച്ചിരിക്കുന്നത്.
പരിഹാരമെന്നോണം, കോൺക്രീറ്റ് ചെയ്യുന്നതിനുള്ള വണ്ണം കുറഞ്ഞ കമ്പി ഉപയോഗിച്ച് പൈപ്പുകൾക്കിടയിലെ വിടവിൽ സ്ഥാപിച്ചതും വിനയായി. വാഹനങ്ങൾ കയറിയിറങ്ങി കമ്പികൾ ഒടിഞ്ഞ് പൊങ്ങിയും താഴ്ന്നും അകന്നും നിൽക്കുന്നത് കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ഭീഷണിയായി. വണ്ണമുള്ള ഇരുമ്പ് പൈപ്പുകൾ നിലവിലുള്ള കാനയ്ക്ക് മുകളിൽ സ്ഥാപിച്ചാൽ പ്രശ്നപരിഹാരമാകുമെന്ന് നാട്ടുകാർ പറയുന്നു. നിത്യേന 1400 ഓളം പേർ ചികിത്സ തേടി ഒ.പി വിഭാഗത്തിലെത്തുന്ന ആശുപത്രിയുടെ പ്രവേശന കവാടത്തിലെ അപകടക്കമ്പികൾ മാറ്റി സ്ഥാപിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.