മാവേലിക്കര: ജാക് ഫ്രൂട്ട് പ്രൊമോഷൻ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മാവേലിക്കര കോടിക്കൽ ഗാർഡനിൽ ഇന്നു മുതൽ ജനുവരി 9വരെ ചക്ക മഹോത്സവം നടത്തും. കുടുംബശ്രീ, പുരുഷ സ്വയംസഹായ സംഘങ്ങളുമായി സഹകരിച്ച് ചക്ക, കൂൺ മഹോത്സവവും ജൈവ കാർഷികമേളകളുമാണ് നടത്തുന്നത്. മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ പരിശീലനം, വിവിധയിനം പ്ലാവിൻ തൈകൾ, മാവിൻ തൈകൾ, കാർഷിക വിളകൾ, നടീൽ വസ്തുക്കൾ എന്നിവയുടെ പ്രദർശനവും വിൽപനയും കാർഷികമേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചക്കയിൽ നിന്നുള്ള ഉത്പന്നങ്ങളായ ചക്ക ഹൽവ, ചക്കവരട്ടി, ചക്ക പുട്ടുപൊടി, ചക്ക അച്ചാർ, ചക്കപ്പായസം, ചക്ക ഉണ്ണിയപ്പം എന്നിവയാണ് വിശേഷ ഇനങ്ങൾ. കൂണിന്റെ ഔഷധ ഗുണമുള്ള കൂൺ വിറ്റ, കൂൺ ഓയിൽ, കൂൺ സോപ്പ്, കൂൺ അച്ചാർ, കൂൺ തേയില, കൂൺ ചമ്മന്തിപ്പൊടി, കൂൺ സൂപ്പ്, ഫ്രഷ് കൂൺ എന്നിവയും മേളയ്ക്ക് കൊഴുപ്പേകും. ദിവസവും രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം. മേളയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് നഗരസഭ ചെയർപേഴ്സൺ ലീലാ അഭിലാഷ് നിർവഹിക്കും. ജാക് ഫ്രൂട്ട് പ്രൊമോഷൻ ഫെഡറേഷൻ പ്രസിഡന്റ് വിജയകുമാർ അടൂർ, പ്രദീപ് കുമാർ എന്നിവർ മാവേലിക്കരയിൽ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.