 മിനിമം നിരക്ക് നാലിൽ നിന്ന് ആറു രൂപയായി

ആലപ്പുഴ: ജലഗതാഗതവകുപ്പിന്റെ യാത്രാ ബോട്ടുകളിലെ മിനിമം നിരക്ക് നാലിൽ നിന്ന് ആറ് രൂപയാക്കി. പുതുക്കിയ നിരക്ക് ഇന്നു പ്രാബല്യത്തിൽ വരും. 40 ശതമാനം വരെയാണ് വർദ്ധന. നിരക്ക് വർദ്ധനവിലൂടെ പ്രതിവർഷം 3.75 കോടിയാണ് അധിക വരുമാനം പ്രതീക്ഷിക്കുന്നത്.

നവംബർ 18ന് ആണ് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു കൊണ്ട് ഉത്തരവിറക്കിയത്. നടപ്പാക്കാനുള്ള അനുമതി ലഭിച്ചത് കഴിഞ്ഞ ദിവസവും. എ.സി, നോൺ എ.സി ബോട്ടുകളിലെ നിരക്ക് ഒരേ നിലവാരത്തിലാണ് വർദ്ധിപ്പിച്ചത്. 2013 ജൂലായ് 3ന് ആണ് ജലഗതാഗത വകുപ്പ് അവസാനമായി

നിരക്കു കൂട്ടിയത്. ഇത്രയും വർഷത്തിനിടെ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും നിരവധി തവണ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ഇന്ധനവില വർദ്ധനയാണ് നിരക്കു കൂട്ടാൻ വകുപ്പിനെ നിർബന്ധിതമാക്കിയത്.

ആലപ്പുഴ-കോട്ടയം യാത്രാനിരക്ക് 22ൽ നിന്ന് 32 രൂപയും ആലപ്പുഴ-കൊല്ലം ടൂറിസ്റ്റ് ബോട്ടിലെ യാത്രാ നിരക്ക് 400ൽ നിന്ന് 600 രൂപയുമായി. സീകുട്ടനാട് ബോട്ടിൽ ലോവർഡെക്കിന് പുതുക്കിയ നിരക്ക് 23ഉം അപ്പർഡെക്കിന് 60 രൂപയുമായി. ആലപ്പുഴ-കൊല്ലം റൂട്ടിൽ ടൂറിസ്റ്റ് ബോട്ട് സർവീസ് മാത്രമാണുള്ളത്. ആലപ്പുഴ-കോട്ടയം റൂട്ടിൽ ഒരുമാസത്തിനുള്ളിൽ ശീതീകരണ സംവിധാനമുള്ള ബോട്ട് സർവീസ് ആരംഭിക്കും.