മാവേലിക്കര: വീട്ടമ്മയും മക്കളും ബന്ധു വീട്ടിൽ പോയ സമയത്ത് വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ കൊറ്റാർകാവ് കൊച്ചുതെക്കേടത്ത് ശാലേം സാമുവേൽ ടൈറ്റസിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ക്രിസ്മസ് ദിവസം രാവിലെ സാമുവേൽ ടൈറ്റസിന്റെ ഭാര്യ ജൂലിറ്റയും 2 പെൺമക്കളും കൊട്ടാരക്കരയിലുള്ള കുടുംബവീട്ടിൽ പോയിരുന്നു. ഇന്നലെ രാവിലെ മടങ്ങിയെത്തി ഗേറ്റ് തുറന്നു അകത്ത് എത്തിയപ്പോഴാണു ഗ്രില്ലിന്റെ താഴ് തുറന്നു കിടക്കുന്നതും വീടിന്റെ പ്രധാന വാതിലിന്റെ താഴ് തകർത്തതും ശ്രദ്ധയിൽപ്പെട്ടത്. കിടപ്പു മുറിയിലെ അലമാര കുത്തിത്തുറന്ന് അതിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്. 4 വളകൾ, 3 മാലകൾ, കമ്മൽ, മോതിരം, ഉൾപ്പെടെയുള്ള ആഭരണങ്ങൾ ഗ്ലൗസിനുള്ളിലാക്കി സാരിയിൽ പൊതിഞ്ഞു അലമാരയ്ക്കുള്ളിൽ തൂക്കിയിട്ടിരുന്ന സ്വർണമാണ് മോഷ്ടിച്ചത്.

മാവേലിക്കര എസ്.ഐ എസ്.പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. സമീപ വീടുകളിലെ സി.സി.ടി വി ദൃശ്യങ്ങളും ശേഖരിച്ചു.