pola

 മാലിന്യ നിക്ഷേപവും പ്രദേശവാസികൾക്ക് തലവേദനയാകുന്നു

ആലപ്പുഴ : തിങ്ങിനിറഞ്ഞ പോളയും മാലിന്യ നിക്ഷപവും എ.സി കനാലിന് മരണമണി മുഴക്കുന്നു. മാലിന്യങ്ങൾ ഒഴുകി മാറാത്തതുകാരണം വമിക്കുന്ന ദുർഗന്ധത്താൽ കനാലിന്റെ സമീപത്തെ വീട്ടുകാർ വീർപ്പുമുട്ടുന്നു. ത്വക്ക് രോഗമുൾപ്പെടെ വിവിധ തരത്തിലുള്ള അസുഖങ്ങളും ഇവരെ ബാധിക്കുന്നുണ്ട്. പോളയും പായലും നിറഞ്ഞതാണ് ഒഴുക്ക് നിലയ്ക്കാൻ കാരണം.

ചങ്ങനാശ്ശേരി മനയ്ക്കച്ചിറ മുതൽ കിടങ്ങറ ഒന്നാം പാലത്തിന് സമീപത്തെ പെട്രോൾ പമ്പുവരെയുള്ള ഭാഗത്ത് ഒരാൾപൊക്കത്തിൽ കടകലും മറ്റു പുല്ലുകളും വളർന്നിരിക്കുകയാണ്. കുട്ടനാട് പാക്കേജിൽപ്പെടുത്തി എ.സി കനാൽ നവീകരിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് വർഷങ്ങൾക്ക് മുമ്പ് തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായി എ. സി റോഡരികിലെ പെട്ടിക്കടക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾക്ക് അധികൃതർ മുൻതൂക്കം നൽകിയത് പദ്ധതിക്ക് തന്നെ തിരിച്ചടിയായി. ചെറുകിട കച്ചവടക്കാരുടെ ഭാഗത്തുനിന്നും വ്യാപക പ്രതിഷേധമുയരുന്നതിനും പിന്നീട് കനാൽ നവീകരണം തന്നെ അട്ടിമറിക്കപ്പെടുന്നതിനും ഇത് കാരണമായി. തുടർന്ന് പദ്ധതി ഉപേക്ഷിച്ചു.

പെരുന്ന മുതൽ ഒന്നാങ്കര വരെ നീളുന്ന കനാൽ നെടുമുടി -പള്ളാത്തുരുത്തി ആറ്റിലേക്ക് തുറക്കണമെന്ന പ്രധാന ലക്ഷ്യവും അട്ടിമറിക്കപ്പെട്ടു. കനാലിന്റെ ആഴം കൂട്ടിയതിന്റെ പേരിൽ ലക്ഷങ്ങൾ പാഴായി. നാടും നഗരവും കടന്നാണ് മാലിന്യങ്ങൾ എ.സി കനാലിലേക്ക് എത്തുന്നത്. രാത്രിയുടെ മറവിലാണ് കോഴി അവശിഷ്ടങ്ങൾ ഉൾപ്പെടെ കനാലിൽ തള്ളുന്നത്. ചങ്ങനാശേരി നഗരത്തിൽ നിന്നുപോലും മാലിന്യങ്ങൾ ഇവിടെ നിക്ഷപിക്കാനായി കൊണ്ടുവരാറുണ്ട്.കനാൽ നവീകരണം നടത്താതെ ഇപ്പോഴത്തെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയില്ല.

എ.സി കനാലും കൃഷിയും

 കനാൽ കൃഷിക്ക് ഉപയോഗിക്കുന്നത് വെള്ളം പാടത്തേക്ക് വെള്ളം കയറ്റാനും ഇറക്കാനും

 ആഴ്ചയിൽ മൂന്നു ദിവസം വെള്ളം കയറ്റുകയും നാല് ദിവസം വറ്റിക്കുകയും ചെയ്യും

 പള്ളാത്തുരുത്തി മുതൽ മങ്കൊമ്പ് ബ്ലോക്ക് വരെയുള്ള ഭാഗത്ത് പോളശല്യം കർഷകരെ ബാധിക്കുന്നില്ല.

 എന്നാൽ ബ്ലോക്ക് കഴിഞ്ഞ് ഒന്നാംങ്കര മുതൽ കിടങ്ങറ വരെ പോള പ്രശ്നം രൂക്ഷമാണ്.

മാലിന്യ നിക്ഷേപം

മഴ മാറിനിന്നതോടെ കനാലിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞ് പോള ചീഞ്ഞ് ദുർഗന്ധം രൂക്ഷമാണ്. രാത്രികാലങ്ങളിൽ കോഴി മാലിന്യം,വീട്ടുമാലിന്യങ്ങൾ, പച്ചക്കറി അവശിഷ്ടങ്ങൾ എന്നിവ തള്ളുന്നത് ദുർഗന്ധം ഇരട്ടിപ്പിക്കുന്നു. പോള അടിഞ്ഞ് കൂടി യത് ചെറുവള്ളങ്ങളിലെ യാത്രയ്ക്കും തടസമാകുന്നു

........

'' പോളപ്രശ്നം എ.സി കനാലിന്റെ മങ്കൊമ്പ് വരെയുള്ള ഭാഗത്ത് വലിയ തലവേദന ഉണ്ടാക്കുന്നില്ല. എന്നാൽ ഒന്നാംങ്കര മുതൽ കിടങ്ങറ വരെ നീരൊഴുക്ക് നിലച്ച് വെള്ളം മലിനമാണ്.

(പാടശേഖര സമിതികൾ)