ആലപ്പുഴ : നിർദേശങ്ങൾക്കും നിബന്ധനകൾക്കും വിരുദ്ധമായി മൈക്രോ ഫിനാൻസ് ഇടപാടുകൾ നടത്തിയെന്ന പരാതിയെത്തുടർന്ന് എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ ഭരണസമിതി പിരിച്ചുവിട്ടതായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. പ്രസിഡന്റ് സുഭാഷ് വാസു, സെക്രട്ടറി ബി. സുരേഷ് ബാബു എന്നിവരടങ്ങുന്ന ഭരണസമിതിക്കെതിരെയാണ് നടപടി. മാവേലിക്കര യൂണിയൻ അഡ്മിനിസ്ട്രേറ്ററായി പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളിയെ നിയമിച്ചു.
യൂണിയൻ ഭരണസമിതി അംഗങ്ങൾ തമ്മിൽ പരസ്പര വിശ്വാസം നഷ്ടപ്പെട്ടതിനെത്തുടർന്ന് വൈസ് പ്രസിഡന്റ്, മൂന്ന് യോഗം ഡയറക്ടർ ബോർഡ് അംഗങ്ങൾ, രണ്ട് കൗൺസിൽ അംഗങ്ങൾ, രണ്ട് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ എന്നിവർ രാജിവച്ചിരുന്നു.
സുഭാഷ് വാസുവും സുരേഷ് ബാബുവും ചേർന്ന് സാമ്പത്തിക തിരിമറിനടത്തിയെന്ന് ആരോപിച്ച് ലഭിച്ച പരാതി 23ന് ചേർന്ന യോഗം കൗൺസിൽ വിശദമായി പരിശോധിച്ചു. യൂണിയൻ ഫണ്ടും മൈക്രോഫിനാൻസ് ഫണ്ടും ദുർവിനിയോഗം ചെയ്തെന്ന് കണ്ടെത്തി. യൂണിയന്റെ സുഗമമായ പ്രവർത്തനത്തിന് ഭരണസമിതി തുടരുന്നത് ആശാസ്യമല്ലെന്നും വിലയിരുത്തി. യഥാർത്ഥകണക്കുകൾ പുറത്ത് അറിയിക്കാതിരിക്കാനായി കാഷ് ബുക്ക്, ലെഡ്ജർ, മിനിട്ട്സ് ബുക്ക്, വൗച്ചറുകൾ, രസീതുകൾ എന്നിവ നശിപ്പിക്കാൻ സാദ്ധ്യതയുള്ളതിനാലാണ് ഭരണസമിതി ഉടൻ പിരിച്ചുവിടാൻ കൗൺസിൽ തീരുമാനമെടുത്തത്.
ആരോപണങ്ങൾ
മൈക്രോഫിനാൻസ് വായ്പയെടുത്ത സംഘങ്ങൾ നിശ്ചിത കാലാവധിയിൽ തുക തിരിച്ചടച്ചിട്ടും വൻതുക ബാങ്കിൽ തിരിച്ചടയ്ക്കാതെ വകമാറ്റി ചെലവഴിച്ചു.
മൈക്രോഫിനാൻസ് സ്കീം വ്യവസ്ഥകൾക്കും യോഗനിർദേശങ്ങൾക്കും വിപരീതമായി പ്രസിഡന്റും സെക്രട്ടറിയും വ്യക്തിപരമായ ആവശ്യങ്ങൾക്ക് വിനിയോഗിച്ചു.
വായ്പകൾക്ക് അധിക പലിശ ഈടാക്കി ഈ തുക കൃത്രിമ രേഖകൾ ചമച്ച് സെക്രട്ടറിയും പ്രസിഡന്റും അപഹരിച്ചു.
വായ്പകൾക്ക് അനുവദനീയമായതിൽ കൂടുതൽ പ്രോസസിംഗ് ഫീസ് സംഘങ്ങളിൽ നിന്ന് ഈടാക്കി, അത് ദുർവിനിയോഗം ചെയ്തു
യൂണിയന്റെ 78-ാം വാർഷിക വരവ് ചെലവ് കണക്കിൽ മൈക്രോ ഫിനാൻസ് വായ്പ തിരിച്ചടവിൽ കുറവ് കാണിച്ച് തുക ദുരുപയോഗം ചെയ്തു.
യൂണിയൻ ഓഫീസ് നവീകരണത്തിൽ ക്വട്ടേഷൻ നടപടി സ്വീകരിക്കാതെ പ്രസിഡന്റ് തന്റെ ഇഷ്ടക്കാരനായ കോൺട്രാക്ടർക്ക് വൻതുകയുടെ കരാർ നൽകി.
മുമ്പ് ചെലവാക്കിയ കണക്കുകൾ വിട്ടുയെന്ന് തെറ്റിദ്ധരിപ്പിച്ച് യൂണിയന്റെ 2016ലെ വരവ് ചെലവ് സ്റ്റേറ്റ്മെന്റിൽ നീക്കിയിരുപ്പ് ഉണ്ടായിരുന്ന 6,65,809 രൂപ നഷ്ടപ്പെടുത്തി.
പ്രീമാര്യേജ് കൗൺസലിംഗിലെ കരുതൽ ധനം യൂണിയൻ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാതെ പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് വകമാറ്റി.
നോട്ട് നിരോധന സമയത്ത് യൂണിയന്റെ അക്കൗണ്ടിലൂടെ പ്രസിഡന്റും സെക്രട്ടറിയും കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം മാറിയതിലൂടെ യൂണിയന് അവമതിപ്പുണ്ടായി.
യൂണിയൻ വക ചാരൂംമൂട് എസ്.എൻ ഹോസ്പിറ്റലും സ്വത്തുക്കളും അനധികൃതമായി ധനലക്ഷ്മി ബാങ്കിൽ പണയപ്പെടുത്തി ലഭിച്ച തുക അപഹരിച്ചു.